വളയം: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്‌ടർമാർ ഇല്ലാത്തതിനാൽ യൂത്ത് ലീഗ് നേതാക്കൾ മെഡിക്കൽ ഓഫീസറെ കണ്ട് പ്രതിഷേധം അറിയിച്ചു.
നിലവിലുണ്ടയിരുന്ന ഡോക്‌ടർ പ്രമോഷൻ ലഭിച്ചതിനാൽ സ്ഥലം മാറി പോയതിനാലും മെഡിക്കൽ ഓഫിസർ അവധിയിലായതിനാലും ഒ പിയിൽ രണ്ട് ഡോക്‌ടർമാർ മാത്രമാണ് പരിശോധനക്കുള്ളത്.
ഇതിലൊരാൾ മെഡിക്കൽ ഓഫിസറുടെ അധിക ചുമതല നിർവഹിക്കുന്നതിനാൽ രോഗികളെ പരിശോധിക്കാൻ കഴിയുന്നില്ല. പീഡിയാട്രീഷൻ ഒ പിയിൽ ഒരു ഡോക്ടറും, ജനറൽ ഒ പിയിൽ മറ്റൊരു ഡോക്‌ടറും മാത്രമാണ് നിലവിൽ പരിശോധന നടത്തുന്നത്.
മലയോര മേഖലയിൽ നിന്നടക്കം സാമ്പത്തിക ശേഷി ഇല്ലാത്തവരും ആദിവാസികളും ഉൾപ്പെടെ ദിനം പ്രതി അറുനൂറിനടുത്ത് രോഗികൾ ചികിത്സ തേടിയെത്തുന്ന വളയം ഫാമിലി ഹെൽത്ത് സെന്ററിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കാത്ത തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ചിറ്റമ്മ നയത്തിനെതിരെയും മെഡിക്കൽ ഓഫീസറുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ വൈകുന്നതിനെതിരെയും യൂത്ത് ലീഗ് സമര മുഖം തുറക്കുമെന്ന് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് പറഞ്ഞു.
സെക്രട്ടറി ഇ വി അറഫാത്ത്, വളയം പഞ്ചായത്ത് പ്രസിഡൻ്റ് നംഷിദ് കുനിയിൽ, ജനറൽസെക്രട്ടറി സി എം കുഞ്ഞമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സുഷാന്ത് വളയം, സി വി കുഞ്ഞബ്ദുള്ള, ഇ കെ സാദിഖ്, പി കെ നവാസ്, ആർ ജംഷീർ എന്നിവർ പങ്കെടുത്തു.
#Valayam #Family #Health #Center #no #doctors #Youth #League #leaders #protest