വാണിമേൽ: (nadapuram.truevisionnews.com) മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു, മെമ്പർമാരായ എം കെ മജീദ്, അനസ് നങ്ങാണ്ടി, ശിവറാം സി കെ, പി. ഇ. സി കൺവീനർ പ്രദീപ് കുമാർ വി പി.,അഷ്‌റഫ് മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിപിൻലാൽ എന്നിവർ സംബന്ധിച്ചു.
പൂർണ്ണമായും കുട്ടികൾ തന്നെയാണ് ഹരിത സഭ കൈകാര്യം ചെയ്തത്.
മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വാണിമേൽ പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം കൃത്യമാക്കുന്നതിനും മാലിന്യ സംസ്കരണത്തിലെ നിയമലംഘനങ്ങൾക്കെതിരായി നിരീക്ഷകരായി പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഇതിലൂടെ സാധിച്ചു.
വെള്ളിയോട് ജി. എച്ച്. എസിലെ അമ്‌ന ഷെറിൻ മോഡറേറ്റർ ആയിരുന്നു. കുട്ടികളുടെ അഞ്ചംഗ പാനലാണ് ഓരോ വിഷയത്തെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചതും ഓരോ സ്കൂളുകളിൽ നിന്ന് കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ടുകൾ ക്രോഡീകരിച്ചതും.
നിർദ്ദേശങ്ങൾക്കും സംശയങ്ങൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റു മെമ്പർമാരും മറുപടി നൽകി.
അജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ച് ക്രസന്റ് എച്ച്. എസ്. വാണിമേലെ ആയിഷ തൻഹയും ജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ച് സെന്റ് ജോർജ് എച്ച്. എസ് വിലങ്ങാടെ ആൻ റിയയും നിയമവശത്തെക്കുറിച്ച് വെള്ളിയോട് ജിഎച്ച്എസ്സിലെ ദിയ.വി.ജെ യും പൊതുയിടങ്ങളുടെ വൃത്തിയെക്കുറിച്ച് വാണിമേൽ എം യു പി യിലെ മുഹമ്മദ് സഫ്വാനും നിരോധിത വസ്തുക്കളെ കുറിച്ച് ക്രസന്റ് എച്ച്എസ്എസിലെ ഹന്ന ഫാത്തിമയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ഹരിത സഭയുടെ ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ കുട്ടികളുടെ പാനൽ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു.
#Garbage #free #New #Kerala #Vanimel #Grama #Panchayath #organized #Harita #Sabha