നാദാപുരം: (nadapuram.truevisionnews.com) വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് യുഡിഎഫ് നേതാക്കൾ.
ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി പുതിയ വാർഡ് പ്രകാരം തയ്യാറാക്കിയ കരട് വോട്ടർ പട്ടിക മാർക്സിസ്റ്റ് പാർട്ടിക്ക് ബോധപൂർവ്വം ചോർത്തി കൊടുത്ത നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ഐക്യ ജനാധിപത്യമുന്നണി നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.



ചൊൽപ്പടിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിന്റെ എല്ലാ നിയമങ്ങളെയും നടപടിക്രമങ്ങങ്ങളെയും അട്ടിമറിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി ഐക്യ ജനാധിപത്യമുന്നണി ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ജനാധിപത്യ പ്രക്രിയകളെ തകിടം മറിക്കാനുള്ള സിപിഎം ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ജൂലൈ 14 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ വലിയാണ്ടി ഹമീദ്, കൺവീനർ അഡ്വകെ എം രഘുനാഥ് എന്നിവർ അറിയിച്ചു.
Voter list leaked UDF marches to Nadapuram Panchayath office