തൂണേരി:(nadapuram.truevisionnews.com) കവിയും ഗാന രചയിതാവുമായ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ നഗരിയിലേക്ക് തിരിച്ചെത്തുമ്പോൾ ഇത്തവണ വേദിയിൽ അല്ല പകരം സദസ്സിലാണ് സ്ഥാനം തന്റെ സ്വന്തം ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നേരിട്ട് ആസ്വദിച്ചറിയാൻ.
കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം ഉപയോഗപ്പെടുത്തിയത്.
കുറച്ചു വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ ഒരു കവിത കാവാലം ശ്രീകുമാർ ആലപിക്കാൻ ഇടയാവുകയും ആ ഒരു ബന്ധം ഇന്നിപ്പോൾ തൂണേരിയെ കലോത്സവത്തിന്റെ തന്നെ ഭാഗമാക്കുവാൻ കാരണവുമായി.
അങ്ങനെ ശ്രീനിവാസൻ തൂണേരി ഗാനം രചിക്കുകയും കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.
ഗാനരചന പൂർത്തിയായതിനുശേഷമാണ് ചടുലമാർന്ന ചുവടുകൾ കൂട്ടിയിണക്കി നൃത്തരൂപം സൃഷ്ടിച്ചത്.
കലാമണ്ഡലം ടീമാണ് നൃത്ത സംവിധാനം ചെയ്തിരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികളും കലാമണ്ഡലത്തിൽ നിന്നുള്ളവരും ചേർന്ന 33 അംഗങ്ങൾ അടങ്ങിയ ടീമായാണ് കലാരൂപം അവതരിപ്പിച്ചത്.
20 വരികൾ അടങ്ങിയ ഈ ഗാനം കേരളത്തിന്റെ സാംസ്കാരിക തനിമയുടെയും നവോത്ഥാന കാലഘട്ടത്തിന്റെയും ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ്.
കാലാകാലങ്ങളായി കേരളത്തിൽ നിലനിന്നു പോകുന്ന ജാതിയതയ്ക്കും വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടങ്ങൾ ഈ ഗാനത്തിൽ പ്രതിഫലിച്ചു നിൽക്കുന്നു.
ആശയത്തിന് ചേർന്ന ചടുലമായ നൃത്തച്ചുവടുകൾ കാണികളെ മൊത്തം സദസ്സിലേക്ക് ആകർഷിച്ചു.
കവിതാ രചന ദീർഘമായ ചിന്തകളിലൂടെയും വിശകലനങ്ങളിലൂടെയും കടന്നു പോകുന്നതാണ്.
എന്നാൽ ഗാനരചന അത്തരത്തിൽ ഒന്നല്ല, തൂണേരി ഈ ഗാനം രചിച്ചത് ഒറ്റ ദിവസം കൊണ്ടാണ്.
ക്ഷേത്രാങ്കണത്തിൽ വച്ച് മനസ്സിൽ പിറന്ന ആശയങ്ങൾ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ഒരു ഗാനരൂപത്തിൽ ആക്കാൻ കഴിഞ്ഞു.
തന്റെ ആശയങ്ങൾ മനോഹരമായ നൃത്ത ചുവടിലൂടെ ലോകം കണ്ടത് വഴി തനിക്ക് മുന്നിൽ അവസരങ്ങളുടെ മറ്റൊരു വാതിൽ കൂടി തുറക്കപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.
സ്കൂൾ കാലഘട്ടങ്ങളിൽ കലോത്സവ വേദികളിൽ സ്ഥിരം സാന്നിധ്യം ആവുകയും കവിത രചനയിൽ സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിരുന്ന ആ അനുഭവസമ്പത്ത് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ കവിതയ്ക്ക് ഒരു പ്രാമുഖ്യ സാന്നിധ്യം തന്നെ ഉണ്ടാക്കിയെടുക്കാൻ കാരണമായി.
വിദ്യാർത്ഥിയായിരിക്കെ സ്ഥിരമായി കവിതകൾ എഴുതിയിരുന്നു.എന്നാൽ പിന്നീട് അതിനൊരു നീണ്ട ഇടവേള ഉണ്ടാവുകയും അതിനുശേഷം വീണ്ടും കവിത ലോകത്തേക്ക് കടക്കുകയും ചെയ്യുകയായിരുന്നു എന്ന് തൂണേരി ഓർത്തെടുക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കവിതാരചനയിൽ നാലു തവണ ഒന്നാം സ്ഥാനവും ഒരു തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൂണേരി വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ മേൽശാന്തി തൂണേരി ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദധാരിയുമാണ്.
നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ്, ചെമ്മനം ചാക്കോ സ്മാരക കവിത പുരസ്കാരം, ഉത്തരകേരളം കവിതാ സാഹിത്യ വേദി അക്കിത്ത സ്മാരക പുരസ്കാരം, ടി.വി കൊച്ചുബാവ സ്മാരക കവിത അവാർഡ്, തിരൂർ തുഞ്ചൻ ഉത്സവം ദ്രുത കവിത അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മൗനത്തിന്റെ സുവിശേഷം ഇഞ്ചുറി ടൈം എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഡിയോ രൂപത്തിൽ ഇറങ്ങിയ മഴ മുറിവുകൾ അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്.
കലോത്സവ വേദിയിലെ സന്ദർശനത്തിനുശേഷം തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിലിരുന്ന് തന്റെ ഇഞ്ചുറി ടൈമിൽ ഏതാനും വരികൾ ചൊല്ലിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ആത്മസംതൃപ്തിയുടെയും പ്രതീക്ഷയുടെയും തിളക്കം ഉണ്ടായിരുന്നു.
#Nadapuram #proud #Srinivasan #Thuneri #returns #Kalothsavedi #welcome #song