നാദാപുരം: (nadapuram.truevisionnews.com) പ്രസിദ്ധമായ നാദാപുരം ജുമുഅത്ത് പള്ളി മുതവല്ലിയായി കുമ്മൻകോട് കിഴക്കയിൽ മമ്മു ഹാജിയെ നിയോഗിച്ചു. പാറക്ക്‌താഴെ തറവാട്ടിലെ കാരണവരും നാദാപുരം ജുമുഅത്ത് പള്ളി മുതവല്ലിയും ആയിരുന്ന വി പി കുഞ്ഞാലി മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് മമ്മുഹാജിയെ തിരഞ്ഞെടുത്തത്.

കുരുന്നങ്കണ്ടി പാറക്ക് താഴെ പുളിക്കൂൽ കക്കംവള്ളി എന്നീ നാല് തറവാടുകളിലെ ഏറ്റവും മുതിർന്ന അംഗമാണ് ചിര പുരാതനമായ നാദാപുരം ജുമുഅത്ത് പള്ളിയുടെ മുതവല്ലി സ്ഥാനത്തേക്ക് നിയമിതനാകുന്നത്. മുതവല്ലിമാരുടെ നിയന്ത്രണത്തിൽ അവരുടെ മരുമക്കത്തായ സമ്പ്രദായത്തിലുള്ള ഭരണസമിതിയാണ് പള്ളിയുടെ ദൈനംദിന കാര്യങ്ങളും പരിപാലനവും നിയന്ത്രിച്ചു പോരുന്നത്.
എം കെ കാദർകുട്ടി മാസ്റ്റർ, വി പി മൂസ ഹാജി, തൈക്കണ്ടി ആലി ഹസ്സൻ എന്നിവരാണ് മറ്റു മുതവല്ലിമാർ. സ്ഥാനാരോഹന ചടങ്ങിൽ കമ്മിറ്റി പ്രസിഡണ്ട് കുരുമ്പേത്ത് കുഞ്ഞബ്‌ദുല്ല, സെക്രട്ടറി സി വി സുബൈർ, കണ്ണോത്ത് കുഞ്ഞാലി ഹാജി, മെമ്പർമാരായ പോളൻ്റെവിട അബ്‌ദുല്ല, ബിയാട്ടിൽ അമ്മദ് എന്നിവർ സംബന്ധിച്ചു.
#Mammuhaji #Nadapuram #Jumaat #Mosque #Muthavalli #East