---
title: "പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം"
english_title: "Wild elephant nuisance continues escalate Panniyeri Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/295852/wild-elephant-nuisance-continues-escalate-panniyeri-vanimel-panchayat-new"
published_at: "2025-06-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ac2759bf4c_panniyery.jpg"
keywords: []
---

# പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം

> **Lead Summary:** വാണിമേൽ: വാണിമേൽപഞ്ചായത്തിലെ പന്നിയേരിയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. ഒരാഴ്ചയോളമായി പന്നിയേരിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ ഇതുവരെ കാട് കയറിയിട്ടില്ല.

## Article Content

വാണിമേൽ: വാണിമേൽപഞ്ചായത്തിലെ പന്നിയേരിയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. ഒരാഴ്ചയോളമായി പന്നിയേരിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ ഇതുവരെ കാട് കയറിയിട്ടില്ല.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും വേണ്ടത്ര ജാഗ്രതപാലിക്കുന്നില്ലെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്. നിരവധി കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, റബർ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. പന്നിയേരി ഭാഗത്ത് നേരത്തെ സ്ഥാപിച്ച സൗരോർജ്ജവേലികൾ കാടു കയറി ഉപയോഗശൂന്യമായി കിടക്കുകയാണ്.

കഴിഞ്ഞ വർഷം വനം വകുപ്പുദ്യോഗസ്ഥരും, കർഷക സംഘം നേതാക്കളുമായി നടത്തിയ ചർച്ചയുടെ ധാരണ പ്രകാരം എല്ലാ സൗരോർജ്ജവേലികളും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുമെന്നും, ഈ ഭാഗത്ത് പുതിയ സൗരോർജ് വേലി സ്ഥാപിക്കുമെന്നുമുള്ള ഉറപ്പ് ഇതുവരെ പൂർണമായും പാലിച്ചിട്ടില്ല.

കാട്ടാനശല്യം രൂക്ഷമായ പന്നിയേരി, കുറ്റല്ലൂർ, പാലൂർ,മലയങ്ങാട് ഭാഗങ്ങളിൽ ശക്തമായ പെട്രോളിംഗ് ഏർപ്പെടുത്തണം,സൗരോർജ് വേലികൾ ഉടൻ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം, പാലൂർ ഭാഗത്ത് അനുവദിച്ച് ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത സൗരോർജ വേലിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കണം, കർഷകർക്ക് നഷ്ടപരിഹാരം ഉടൻ അനുവദിക്കണം, കൂടുതൽ ഗാർഡുമാരെ മേഖലയിൽ വിന്യസിക്കണം, ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ വെടിയണമെന്നും, വനം വകുപ്പ് കൂടുതൽ ജാഗ്രത കാണിക്കണമെന്നും അല്ലാത്ത പക്ഷം കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക സംഘം വിലങ്ങാട് മേഖലാ കമ്മിറ്റി അറിയിച്ചു. കെ.പി രാജീവൻ, സാബു മുട്ടത്ത് കുന്നേൽ, കേളപ്പൻ പന്നിയേരി, മനോഹരൻ,ബിജു പന്നിയേരി എന്നിവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/295852/wild-elephant-nuisance-continues-escalate-panniyeri-vanimel-panchayat-new)