നാദാപുരത്തെ ജനങ്ങൾ നന്മനിറഞ്ഞവരും സമാധാനപ്രിയരും സ്നേഹം പങ്കിടുന്നവരുമാണ്

By | Monday February 16th, 2015

SHARE NEWS

VINOY VSWAMനാദാപുരത്തേക്കുള്ള യാത്രാമധ്യേ തീവണ്ടിയില്‍ ഇരുന്നാണ് ഞാനീ വരികള്‍ കുറിക്കുന്നത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് അവിടത്തെ സംഭവങ്ങള്‍ അറിഞ്ഞത്. പുലര്‍ച്ചെയുള്ള ട്രെയിന്‍ പിടിക്കാനുള്ള ഓട്ടത്തില്‍ ഫോണെടുക്കാന്‍ മറന്നുപോയി. കൊല്ലം ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ കാണാനായില്ല. രാത്രി വീടണഞ്ഞപ്പോള്‍ ഫോണില്‍ നിറയെ മിസ്ഡ് കാളുകള്‍. ഏറെയും നാദാപുരത്തുനിന്ന്. അറിയപ്പെടുന്നവരും അല്ലാത്തവരും വിളിച്ചിരിക്കുന്നു. തിരിച്ചുവിളിച്ചപ്പോഴാണ് സംഭവങ്ങള്‍ അറിഞ്ഞത്. ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങള്‍ നാദാപുരത്ത് സംഭവിച്ചിരിക്കുന്നു. അവിടത്തെ മനുഷ്യര്‍, ദിവസങ്ങളും ആഴ്ചകളുമല്ല, മാസങ്ങളും വര്‍ഷങ്ങളുംകൊണ്ട് വീണ്ടെടുത്ത സമാധാനത്തിന്‍െറ കോട്ടക്കുമേല്‍ വീണ്ടും വിള്ളല്‍ വീഴ്ത്തല്‍ ശ്രമങ്ങള്‍ ഉണ്ടായിരിക്കുന്നു. ഇത് കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നില്‍ക്കേണ്ട നിമിഷങ്ങളാണ്. ഒരു ജനതയുടെ മഹത്തായ അര്‍പ്പണബോധത്തിന്‍െറയും നിശ്ചയദാര്‍ഢ്യത്തിന്‍െറയും മേല്‍ അവര്‍ കെട്ടിപ്പടുത്ത സമാധാനത്തിന്‍െറ സ്വപ്നങ്ങളാണ് വെല്ലുവിളിക്കപ്പെടുന്നത്. ആ വെല്ലുവിളിയുയര്‍ത്തുന്നവര്‍ ആരുതന്നെയായാലും അവര്‍ ജനശത്രുക്കളാണ്. അവിടെ അവരെ അഴിഞ്ഞാടാന്‍ വിട്ടാല്‍ നാദാപുരത്തിന്‍െറ വെളിച്ചം തേടിയുള്ള യാത്രയില്‍ തിരിച്ചടിയായിരിക്കും ഫലം.
രാത്രിയിലാണ് കുമാരേട്ടന്‍െറയും അഹമ്മദ്ക്കയുടെയും വിളികള്‍ വരുന്നത്. ‘നിങ്ങള്‍, എന്താണിവിടെ വരാത്തത്’ എന്നാണ് അവരുടെ ചോദ്യം. അവരുടെ ചോദ്യത്തില്‍ ഒരുതരം അവകാശബോധമുണ്ടായിരുന്നു. നാദാപുരം സങ്കടപ്പെടുമ്പോഴും സന്തോഷിക്കുമ്പോഴും അവരുടെ കൂടെ ഞാനുമുണ്ടായിരിക്കണമെന്ന ചിന്തയാണതിനു പിന്നില്‍. പാലങ്ങളും റോഡുകളും ഉദ്ഘാടനം ചെയ്യപ്പെടുമ്പോഴും ഇത്തരം വിളികള്‍ എത്താറുണ്ട്. ഒൗദ്യോഗിക ചട്ടക്കൂടുകളുടെ പരിമിതികളറിയാതെ അവരെപ്പോഴും ചോദിക്കും, ‘നിങ്ങളെന്തേ വരാത്തത്.’ അതൊക്കെ സന്തോഷവേളകളാണ്. അതുകൊണ്ടുതന്നെ പോക്ക് മാറ്റിവെക്കാം. ഇത് സങ്കടത്തിന്‍െറ വിളികളാണ്. പോകാതിരിക്കാനാവില്ല.
മനസ്സിലേക്ക് അന്നത്തെ കാഴ്ചകള്‍ തിരിച്ചുവരുന്നു. ചോരയും കണ്ണീരും വീണ നാദാപുരത്തിന്‍െറ കദനത്തിന്‍െറ കാഴ്ചകള്‍. വീടുകളും കടകളും അന്ന് അഗ്നിക്കിരയായി. സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ അഴിഞ്ഞാടി. കൊള്ളയും കൊള്ളിവെപ്പും കണ്ട് നാദാപുരത്തെ നല്ലമനുഷ്യര്‍ പകച്ചുനിന്നു. സായുധസേനയുടെ റോന്തുചുറ്റലും നിശാനിയമങ്ങളും അന്ന് നാദാപുരം കണ്ടു. ആറുമണിക്കു മുമ്പേ കടകള്‍ അടച്ചുപൂട്ടണമായിരുന്നു. വിദ്യാലയങ്ങള്‍ ദിവസങ്ങളോളം തുറന്നില്ല. പല സ്കൂളുകളും പൊലീസ് ക്യാമ്പുകളായി. എത്രയെത്ര യാത്രകളിലാണ് എം.എല്‍.എ ബോര്‍ഡില്ലാത്ത എന്‍െറ ജീപ്പ് പൊലീസ് തടഞ്ഞുനിര്‍ത്തിയത്. പിന്നീട് ആളെ മനസ്സിലാവുന്നതോടെ ക്ഷമാപണത്തോടെ വിട്ടയച്ചതും ഓര്‍മയില്‍ വരുകയാണ്.
വര്‍ഗീയതയെന്താണെന്നും അതില്‍പ്പെട്ടുപോകുന്നവര്‍ മനുഷ്യത്വം വറ്റിയ ക്രമിനലുകളായി മാറുമെന്നും നാദാപുരം അന്നു കാണുകയായിരുന്നു. ഒരുകാര്യം എനിക്കുറപ്പിച്ചുപറയാന്‍ കഴിയും. നാദാപുരത്തിന്‍െറ നന്മനിറഞ്ഞ മനസ്സ് ഒരിക്കലും അത്തരം ക്രിമിനലുകളുടെ കൂടെയല്ല. ഇപ്പോള്‍, ക്രിമിനലുകള്‍ വീണ്ടും തലപൊക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനുറപ്പിച്ചു പറയുന്നു: അവര്‍ വിജയിക്കാന്‍ പോകുന്നില്ല. അവരെ വിജയിക്കാന്‍ നാദാപുരത്തെ ജനത സമ്മതിക്കില്ല. ഞാന്‍ നാദാപുരത്ത് ജനിച്ചവനല്ല. എന്‍െറ ജന്മനാടായ വൈക്കം ഒരുപാട് ദൂരെയാണുതാനും. അവിടെ ഭാഷയും വേഷവും സംസാരരീതിയുമെല്ലാം കുറച്ച് വ്യത്യസ്തമാണ്. സംഘര്‍ഷങ്ങള്‍ക്കു മുന്നില്‍ 2001ല്‍ നാദാപുരത്ത് എം.എല്‍.എ ആയപ്പോള്‍ എന്‍െറകൂടെയും സങ്കോചങ്ങള്‍ ഏറെയുണ്ടായിരുന്നു. പലരും പറഞ്ഞു, ‘കച്ചറ’ക്കാരുടെയും കലാപക്കാരുടെയും നടുവിലേക്കാണ് ഞാന്‍ എത്തിപ്പെടുന്നതെന്ന്. എന്നാല്‍, എത്രവേഗത്തിലാണ് എന്‍െറ സങ്കോചങ്ങള്‍ ഒഴിഞ്ഞുപോയത്. ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ പറയുന്നു: അതിന്‍െറ കാരണക്കാര്‍ കച്ചറക്കാരെന്നും കലാപകാരികളെന്നും പുറംലോകം മുദ്രകുത്തിയ നാദാപുരത്തെ ജനങ്ങളല്ല. അവര്‍ നന്മനിറഞ്ഞവരും സമാധാനപ്രിയരും സ്നേഹം പങ്കിടുന്നവരുമാണ്. ആ സ്നേഹത്തിന്‍െറ ഭാഗമായി 10 കൊല്ലം ജീവിച്ചവനാണ് ഞാന്‍.
എന്നോടു പലരും ചോദിച്ചിട്ടുണ്ട്. ഞാനെങ്ങനെയാണ് നാദാപുരത്ത് സമാധാനം പുന$സ്ഥാപിച്ചതെന്ന്. അന്നെല്ലാം പറഞ്ഞ മറുപടി ഇപ്പോഴും പറയുന്നു: അവിടെ സമാധാനം പുന$സ്ഥാപിച്ചത് ഞാനല്ല, നാദാപുരത്തെ ജനങ്ങളാണ്. അവരോടൊപ്പം കൈകോര്‍ത്തുനിന്നു എന്നത് മാത്രമാണ് എന്‍െറ പങ്ക്. ചില സംഘര്‍ഷവേളകളില്‍ അക്ഷരാര്‍ഥത്തില്‍ രാവും പകലും കാവല്‍ നിന്നിട്ടുണ്ട്. അതാണ് നാദാപുരത്തിന്‍െറ മനസ്സ്. ഏത് കാറ്റിലും കോളിലും സംരക്ഷിച്ചുനിര്‍ത്താന്‍ ഗ്രാമീണവിശുദ്ധി ഇപ്പോഴും പാടെ ചോര്‍ന്നുപോയിട്ടില്ലാത്ത നാദാപുരത്തിന്‍െറ ആ മനസ്സിന് കഴിയും. സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനും അതില്‍നിന്ന് ലാഭം കൊയ്യാനും തക്കംപാര്‍ത്തിരിക്കുന്നവര്‍ രണ്ടു ഭാഗത്തുമുണ്ട്. അവര്‍ ഇരുട്ടിന്‍െറ ദൂതന്മാരാണ്. നാദാപുരത്ത് ദുരിതങ്ങളുടെ വിത്തുകള്‍ എല്ലായ്പോഴും വിതച്ചത് അവരാണ്. അവരെ ഒറ്റപ്പെടുത്തിയാണ് വമ്പിച്ച ജനകീയാടിത്തറയുള്ള സമാധാന പ്രസ്ഥാനം അവിടെ വളര്‍ന്നുവന്നത്. പത്രങ്ങള്‍ ആ സമാധാന പ്രസ്ഥാനത്തെക്കുറിച്ച് മുഖപ്രസംഗങ്ങള്‍ എഴുതി. നേതാക്കള്‍ നാദാപുരം മോഡലിനെപ്പറ്റി പുറത്തെ കലുഷിത മേഖലകളില്‍ പ്രസംഗിച്ചു. ഒരു ജനത തങ്ങളുടെ നാടിന്‍െറ മുഖത്തേറ്റ കളങ്കപ്പാടുകള്‍ കഴുകിക്കളയുക എന്നതായിരുന്നു അതിന്‍െറ പിറകിലെ ഏറ്റവും വലിയ പ്രേരണ. അതിന്‍െറ വിജയം അദൃശ്യമായ മഹാശക്തിയായിരുന്നു. അത്, നാദാപുരത്തിന്‍െറ സ്ത്രീത്വമാണ്, നാദാപുരത്തിന്‍െറ മാതൃത്വം.
തങ്ങളുടെ മക്കളെച്ചൊല്ലിയും ഭര്‍ത്താക്കന്മാരെച്ചൊല്ലിയും അവരുടെ മനസ്സുകളിലെ തീയാണവിടെ കണ്ടത്. ഇത് പലരുടെയും കണ്ണുതുറപ്പിച്ചു. സംഘര്‍ഷങ്ങളുടെയും കലാപങ്ങളുടെയും നാടായി നാദാപുരം മാറിയപ്പോള്‍ തങ്ങളുടെ മക്കളുടെ ഭാവിയെന്താവുമെന്ന് ആ അമ്മമാര്‍ ചോദിച്ചു. ആ ചോദ്യങ്ങളോട് ഏറ്റവും നീതിപൂര്‍വമായി പ്രതികരിച്ചവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നാദാപുരത്തെ മത-സാമൂഹിക-സാംസ്കാരിക സംഘടനകളെല്ലാം ആചോദ്യം ഹൃദയപൂര്‍വമാണ് ഏറ്റെടുത്തത്്. അങ്ങനെയാണ് നാദാപുരം മോഡല്‍ എന്നുവിളിക്കപ്പെട്ട ആ വലിയ ജനകീയ കൂട്ടായ്മ രൂപംകൊണ്ടത്. 2001 ആഗസ്റ്റ് 15ന് സംഘര്‍ഷത്തില്‍നിന്നുള്ള സ്വാതന്ത്ര്യം തേടിക്കൊണ്ടായിരുന്നു രംഗത്തുവന്നത്. ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍, ജാതിമത ഭേദവും രാഷ്ട്രീയ വ്യത്യാസവും മാറ്റിവെച്ച് അന്ന് രംഗത്തുവന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒന്നാംനിര നേതാക്കള്‍ ആ കൂട്ടായ്മയില്‍ പങ്കാളികളായി. സാമൂഹികദ്രോഹികളെ മുഴുവന്‍ ഒറ്റപ്പെടുത്തുമെന്നായിരുന്നു അന്നത്തെ പ്രതിജ്ഞ. ആ സമാധാനത്തിന്‍െറ മുന്നേറ്റത്തില്‍ വലിയ പ്രസ്ഥാനങ്ങള്‍ വലിയ പങ്കും ചെറിയവ ചെറിയ പങ്കും വഹിച്ചു.
ഇതിന്‍െറ തുടര്‍ച്ചയായി സമൂഹ ഓണസദ്യ, സമൂഹ നോമ്പുതുറ എന്നിവ നടത്തി. അത്, പിന്നീട് നാദാപുരത്തിന്‍െറ ശീലമായി. ‘സ്പോര്‍ട്സ് ഫോര്‍ പീസ്’ എന്ന മുദ്രാവാക്യമുയര്‍ത്തി നാദാപുരത്തെ കളിക്കളങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ‘ഓരും നമ്മളും’ എന്നുപറഞ്ഞിരുന്ന നാദാപുരത്തെ വിദ്യാലയങ്ങള്‍ പുതിയ പാഠങ്ങള്‍ രചിക്കാന്‍ തുടങ്ങി. വളരുന്ന നാദാപുരമെന്ന വിദ്യാഭ്യാസ പദ്ധതി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവേശപൂര്‍വം ഏറ്റെടുത്തു. എം.എല്‍.എ ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്‍െറ തുടര്‍ച്ചയായിരുന്നു. കാര്‍ഷിക, ആരോഗ്യമേഖലയിലും ഇതിന്‍െറ അലയൊലികള്‍ ഉയര്‍ന്നു. 2005ലെ റവന്യൂ ജില്ലാ സ്കൂള്‍ യുവജനോത്സവം നാദാപുരത്ത് നടത്തിയത് ഇതിന്‍െറ തുടര്‍ച്ചയായാണ്. ഈ തീരുമാനമെടുക്കുമ്പോള്‍ അധികൃതര്‍ക്ക് ഏറെ സന്ദേഹങ്ങളുണ്ടായിരുന്നു. ആയിരക്കണക്കിന് കുരുന്നുകളെ ബോംബിന്‍െറ നാട്ടിലേക്ക് കൊണ്ടുപോകുന്നത് ശരിയാണോയെന്ന് പലരും ചോദിച്ചു. എന്നാല്‍, നാദാപുരത്തെ ജനകീയ കൂട്ടായ്മ പറഞ്ഞു, ‘റോഡുകള്‍ക്ക് വീതികുറവാണെങ്കിലും മനസ്സുകള്‍ക്കിവിടെ വീതികൂടുതലാണെന്ന്.’ ഇന്നോളം കേരളത്തിലെവിടെയും കണ്ടിട്ടില്ലാത്ത ജനപങ്കാളിത്തം ആ യുവജനോത്സവത്തിലുണ്ടായി. നാദാപുരത്ത് ലോഡ്ജുകള്‍ കുറവാണ്. അകലെനിന്നത്തെിയ കൊച്ചുവിരുന്നുകാര്‍ക്കുവേണ്ടി ജാതിയും മതവും നോക്കാതെ വീടുകളില്‍ ഇടമൊരുക്കി. ഭരതനാട്യം കളിക്കാന്‍ വേണ്ടി പുറപ്പെട്ട നഗരത്തിലെ കുട്ടികള്‍ക്കുവേണ്ടി പാരമ്പര്യമുള്ള മുസ്ലിം തറവാട്ടിലെ വല്യമ്മൂമ നിലവിളക്ക് കൊളുത്തിക്കൊടുത്തു. നാദാപുരത്തിന്‍െറ എല്ലാ മേഖലയിലും വാണിജ്യസേവന സംരംഭങ്ങള്‍ ഉയര്‍ന്നുവന്നു. വികസനത്തിന്‍െറ രുചിയറിഞ്ഞു. സംഘര്‍ഷങ്ങള്‍ വഴിമാറിയപ്പോള്‍ ജീവിതത്തില്‍ കൈവരുന്ന തിളക്കം എന്താണെന്ന് നാട് മനസ്സിലാക്കി. ഇപ്പോള്‍ പുതിയ ഗവ. കോളജിനുവേണ്ടി കെട്ടിടമൊരുക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ എല്ലാവരും ഒന്നിച്ചുനീങ്ങുകയാണ്. ഈ മാറ്റം ഒരുജനതയുടെ മഹത്ത്വത്തിന്‍െറ വിളംബരമാണ്. അതിനെ ഗതിമാറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ നാദാപുരം ഒറ്റമനുഷ്യനെപ്പോലെ പറയും, അരുതെന്ന്.
നാദാപുരത്തെ സംബന്ധിച്ച് ഈ ദിനങ്ങള്‍ നിര്‍ണായകമാണ്. ജനങ്ങള്‍ വീണ്ടെടുത്ത സത്യവും സ്വാതന്ത്ര്യവും തട്ടിത്തെറിപ്പിക്കാന്‍ ജനശത്രുക്കള്‍ ശ്രമിക്കുന്നു. അവര്‍ വീണ്ടും മഴുവിന്‍െറയും ബോംബിന്‍െറയും ദിനരാത്രങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. മകന്‍ മരിച്ച അമ്മയുടെ വേദന, വീട് ചാമ്പലായ മനുഷ്യരുടെ വേദന, അതൊന്നും അവര്‍ക്കറിയില്ല. അവര്‍ വൈരത്തിന്‍െറ വേദാന്തം പിന്‍പറ്റുന്നവരാണ്. അവര്‍ക്ക് മതവും പ്രത്യയശാസ്ത്രവും മറ മാത്രമാണ്. യഥാര്‍ഥ മതവും പ്രത്യയശാസ്ത്ര ബോധവും അവര്‍ക്ക് പേടിസ്വപ്നമാണ്്. നൊന്തുപെറ്റ മക്കളെച്ചൊല്ലി ഒരുപാട് അമ്മമാര്‍ ചൊരിഞ്ഞ കണ്ണീര്‍കൊണ്ട് കുതിര്‍ന്ന മണ്ണാണ് നാദാപുരത്തിന്‍േറത്്. ആ മണ്ണില്‍ വീണ്ടും ചോരക്കുരുതി നടത്താന്‍ ശ്രമിക്കുന്നവര്‍ ഒരു മതത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും രക്ഷകന്മാരല്ല. കൊള്ളക്കും കൊലക്കും വേണ്ടി നാവുനീട്ടുന്നവര്‍ക്കു മുന്നില്‍ നാദാപുരം മുട്ടുമടക്കില്ല. ഹൃദയത്തോട് ഹൃദയം ചേര്‍ത്തുവെച്ച് നാദാപുരത്തെ മനുഷ്യര്‍ ഒന്നിച്ചുപറയുന്നു: ‘മഴുവും ബോംബും വിധിപറയുന്ന ഭ്രാന്തിന്‍െറ പടയോട്ടത്തില്‍ ആരും ജയിക്കില്ല.’: ബിനോയ് വിശ്വം

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read