നാദാപുരം: രണ്ടുദിവസം മുമ്പാണ് നാദാപുരം- തലശ്ശേരി സംസ്ഥാനപാതയിൽ കാട്ടുപന്നി കുറുകെ ച്ചാടിയതിനെ തുടർന്ന് ഓട്ടോമറിഞ്ഞ് ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്കേറ്റത്. പാറക്കടവ്-മുടവന്തേരി സ്വദേശികളായ മൊയ്തു, സൈനബ എന്നിവർക്കും ഓട്ടോ ഡ്രൈവർ റിനീഷിനും പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം നാദാപുരം മൊടാക്കര പള്ളിക്ക് സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടിരുന്നു.

നാദാപുരത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. വേനൽ കടുത്തതോടെ വനാന്തർഭാഗത്തെ ജലസ്രോതസ്സുകൾ വരണ്ടു തുടങ്ങി. ഇതോടെ കാട്ടുമൃഗങ്ങൾ ഭക്ഷണവും വെള്ളവും തേടി കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലെത്തൽ പതിവായി. ജനവാസ കേന്ദ്രങ്ങളിൽ അവശേഷിക്കുന്ന പച്ചപ്പും ഭക്ഷയോഗ്യമായ വിഭവങ്ങളും വെള്ളവും തേടിയെത്തുന്ന കാട്ടുമൃഗങ്ങൾ വ്യാപകമായ നാശനഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ജനവാസ കേന്ദ്രത്തിലെത്തുന്ന മൃഗങ്ങൾ, കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമേ മനുഷ്യരുടെ ജീവനും ഭീഷണിയാവുന്നുണ്ട്. മലയോര മേഖലയിൽ കാട്ടുമൃഗങ്ങളുടെ ആക്രമത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാട്ടാനകളാണ് പ്രധാനമായും കൃഷിനാശത്തിനും മനുഷ്യ ജീവഹാനിക്കും കാരണക്കാരായി കാടിറങ്ങി നാട്ടിലേക്കെത്തുന്നത്. ചക്ക കാട്ടാനകൾക്ക് ഇഷ്ടപ്പെട്ട വിഭവമാണ്.
ചക്കയുടെ കാലമായാൽ അവയുടെ മണം പിടിച്ച് കാട്ടാനകൾ എത്താറുണ്ട്. കാട്ടാനകൾക്ക് പുറമെ, കാട്ടു പന്നികൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ, കരടികൾ, കടുവകൾ, മയിലുകൾ തുടങ്ങിയവയും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ കേന്ദ്രങ്ങളിലെത്തുന്നു. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ കടുവയുടെയും പുലികളുടെയും ആക്രമണത്തിനിരയായി മരിച്ചവരുണ്ട്. പരിക്കേറ്റവരും ധാരാളമാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിലും മനുഷ്യജീവൻ പൊലിഞ്ഞിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കാറുണ്ട്.
നാദാപുരം മേഖല കാട്ടുപന്നികളുടെ ശല്യമാണ് ഇപ്പോൾ അനുഭവിക്കുന്നത്.കുരങ്ങുകൾ തെങ്ങ്, ജാതി തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിക്കും. പകൽ സമയത്ത് പോലും കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലും വീടുകളിലുമെത്തി വീട്ടുപകരണങ്ങളെടുത്തു നശിപ്പിക്കുകയും വീട്ടുമുറ്റത്തെ തെങ്ങിൽ കയറി കരിക്ക്, ഇളനീർ തുടങ്ങിയവ വീഴ്ത്തി നശിപ്പിക്കുകയും ചെയ്യാറുണ്ട്.
വനസംരക്ഷണത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുമ്പോഴും യഥാർത്ഥ രൂപത്തിൽ അവ വിനിയോഗിക്കപ്പെടുന്നില്ല എന്നാണ് ആക്ഷേപം. വ്യാപകമായ വനംകൊള്ള കാരണവും, മരങ്ങൾ മുറിച്ച് കടത്തിയത് കൊണ്ടും പ്രകൃതിക്ക് ദോഷകരമായ രൂപത്തിൽ പാറകൾ പൊട്ടിക്കൽ, കുന്നിടിച്ച് നിരപ്പാക്കൽ തുടങ്ങിയവ വനത്തിനുള്ളിൽ വ്യാപകമായതുകൊണ്ടുമാണ് ഇത്തരത്തിൽ ജലസ്രോതസ്സുകളും, നീരുറവകളും നശിക്കാൻ ഇടയാക്കിയതെന്നാണ് പരിസ്ഥിതി വാദികൾ പറയുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് കാട് സംരക്ഷിക്കുകയും, വന്യ മൃഗങ്ങൾ കാടിറങ്ങാതെ നിലനിർത്തുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയും ക്രിയാത്മകമായ അത്തരം പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിക്കുകയുമാണ് ചെയ്യേണ്ടതെന്ന് പരിസ്ഥി സ്നേഹികൾ പറഞ്ഞു.
People with fear; Wild animals back home