വാണിമേൽ: (nadapuramnews.com) നൂറുക്കണക്കിന് കച്ചവട സ്ഥാപനങ്ങളും, നൂറ് കണക്കിന് ടാക്സികളും, തൊഴിലാളികളും,വാണിമേൽ പഞ്ചായത്തിലെ ജനങ്ങൾ പൂർണമായും ആശ്രയിക്കുന്ന ഭൂമിവാതുക്കൽ, വിലങ്ങാട് അങ്ങാടികളിൽ ശൗചാലയം നിർമ്മിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന പഞ്ചായത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളികൾ പഞ്ചായത്താഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.

പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ശൗചാലയം നിർമ്മിക്കാൻ സംസ്ഥാന ശുചിത്വമിഷൻ ലക്ഷക്കണക്കിന് രൂപ പഞ്ചായത്തിന് കൈമാറിയിട്ട് വർഷങ്ങളായി. എന്നാൽ തുക ചെലവഴിക്കാനോ ശൗചാലയം നിർമ്മിക്കാനോ പഞ്ചായത്ത് തയ്യാറാകുന്നില്ല. ഭൂമിവാതുക്കൽ ടൗണിൽ പഞ്ചായത്തിന്റെ കൈവശമുള്ള ടാക്സി സ്റ്റാൻന്റ് പരിസരത്ത് ശൗചാലയം നിർമ്മിക്കാൻ ടെണ്ടർ നടപടി പൂർത്തീകരിച്ചെങ്കിലും ഭരണ സമിതിയിലെ തന്നെ ചിലരും ചില തൽപരകക്ഷികളും ചേർന്ന് പ്രവൃത്തി നടത്താതിരിക്കാൻ തടസ്സം നിൽക്കുകയായിരുന്നു.
എന്നാൽ ഇത് പരിഹരിച്ച് പ്രവൃത്തി തുടരാൻ പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് കോൺട്രാക്ടർ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.ഇതിനെ തുടർന്ന് ശൗചാലയം നിർമ്മിക്കണമെന്ന പരാതി (2021 ഡിസംബറിൽ ) മനുഷ്യാവകാശ കമ്മീഷനിൽ ഉന്നയിക്കുകയും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കമ്മീഷൻ ശൗചാലയ നിർമ്മാണം പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽ പെട്ടതാണെന്നും എത്രയും പെട്ടന്ന് ശൗചാലയങ്ങൾ നിർമ്മിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവിലൂടെ നിർദേശം നൽകി.
ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പ്രവൃത്തി ആരംഭിച്ചതായും, ഉടൻ പൂർത്തീകരിക്കുമെന്നും കാണിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകിതെറ്റിദ്ധരിപ്പിക്കുകയായിരുന്നു.കഴിഞ്ഞ പതിനേഴ് വർഷമായി തുടർച്ചയായി ഭരണം നടത്തുന്ന ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അങ്ങാടിയിലൊരു മൂത്രപ്പുര കെട്ടാൻ പോലും പറ്റാത്ത കഴിവുകെട്ട ഭരണമാണെന്ന് സമരക്കാർ ആരോപിക്കുന്നു. വർഷങ്ങളായുള്ള ജനങ്ങളുടെ മുറവിളി കേൾക്കാൻ കഴിയാത്ത ഭരണ സമിതിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
പൈപ്പിടാൻ വേണ്ടി മുഴുവൻ പഞ്ചായത്ത് റോഡും കഴിച്ചിട്ടിരിക്കയാണ് ഇത് പുനസ്ഥാപിക്കാൻ വേണ്ട യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ല. അങ്ങാടികളിൽ ടാക്സി സ്റ്റാൻന്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നില്ല. ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റികൾ വിളിച്ചു ചേർക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും സമരക്കാർ ഉന്നയിച്ചു.ധർണാ സമരം കെ.എൻ നാണു ഉദ്ഘാടനം ചെയ്തു, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി രാജീവൻ സംസാരിച്ചു. മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ. ടി .യു നേതാവ് സജീവൻ കെ.പി അദ്ധ്യക്ഷനായി. ആലിക്കുട്ടി ഹാജി സ്വാഗതം പറഞ്ഞു
#need #toilet #motorworkers #staged #strike #front #VanimelGramPanchayath