എടച്ചേരി : (nadapuram.truevisionnews.com) ഹവിൽദാറിൽ നിന്നും എസ്.ഐ. വേഷത്തിൽ, ഒടുവിൽ ഹവിൽദാറിലേക്ക് മടക്കം. എടച്ചേരി എസ്.ഐ.വി. കെ കിരൺ ആണ് യുവാക്കളുടെ അഭിമാന ജോലിയായ എസ്.ഐ. കുപ്പായം അഴിച്ച് വെച്ച് പഴയ ഹവിൽദാർ കുപ്പായമണിഞ്ഞത്.
2009ലാണ് കിരൺ തിരുവനന്തപുരം എസ്.എ.പി യിൽ ഹവിൽദാറായി ജോലിയിൽ കയറിയത് പിന്നീട് എസ്.ഐ. പരീക്ഷ പാസായി സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു.
പരിശീലനം പൂർത്തിയാക്കി വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ച കിരൺ എടച്ചേരി പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നതിനിടെയാണ് എസ്.ഐ. കുപ്പായം അഴിച്ച് വെച്ച് പഴയ ഹവിൽദാറിലേക്ക് മടങ്ങുന്നത്.
ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ല പൊലീസ് മേധാവി 308/2024/ DR നമ്പർ ഉത്തരവിറക്കി. 2013 ൽ പരിഷ്ക്കരിച്ച കേരള സർവ്വീസ് റൂളിലെ പ്രത്യേക ചട്ടം അനുസരിച്ചാണ് നടപടി. നേരത്തെ ഒരു തവണ അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചതിനെ തുടർന്ന് വീണ്ടും അപേക്ഷ നൽകുകയായിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ പേരെടുത്ത ഉദ്യേഗസ്ഥൻ്റ മടക്കം ഏറെ ചർച്ചയായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിൻറയും സമ്മർദ്ദമാണ് തിരിച്ച് പോക്കിൽ കലാശിച്ചതെന്നാണ് സംസാരം. സബ് ഇൻസ്പെക്ടറുടെ തിരിച്ച് പോക്ക് സേനയിലും ചർച്ചയായിട്ടുണ്ട്.
സ്റ്റേഷൻ ചുമതല സി. ഐ യിലേക്ക് മാറിയതോടെ സബ് ഇൻസ്പെക്ടർമാർ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്കും കീഴ്പെടേണ്ടി വരുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
ആത്മാഭിമാനമുള്ളവർക്ക് ജോലി ചെയ്യാൻ കഴിയാത്ത തസ്തികയായി സബ്ഇൻസ്പെക്ടർ പദവി മാറിയതായാണ് സർവ്വീസിലുള്ളവർ പറയുന്നത്. ഇത് സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും തികച്ചും വ്യക്തിപരമാണ് മടക്കമെന്നാണ് കിരണിന്റെ പ്രതികരണം.
#Edachery #sub #inspector #Kiran #now #Havildar