നാദാപുരം: (nadapuram.truevisionnews.com) ശുചിമുറി മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് നാദാപുരത്തെ ഹോട്ടലിനെതിരെ നടപടി.
കസ്‌തൂരിക്കുളത്ത് പ്രവർത്തിക്കുന്ന ഫുഡ്‌പാർക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും നടപടിയെടുത്തത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. ഹോട്ടലിന് സമീപത്തെ ഓടയിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർന്ന് ഓട പരിശോധിക്കുകയായിരുന്നു.
ഓടയിൽ ഹോട്ടലിലെ ശുചിമുറി മാലിന്യം തള്ളുന്നതായി കണ്ടതോടെ നാട്ടുകാർ നാദാപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം നാദാപുരം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളുന്നതായി തെളിഞ്ഞതോടെ ഹോട്ടൽ താത്ക്കാലികമായി അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
പ്രശ്‌നം പരിഹരിച്ചശേഷം പിഡബ്ല്യുഡി വകുപ്പിന്റെ എൻഒസി ലഭിച്ച ശേഷം വീണ്ടും പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി ഹോട്ടൽ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
#toilet #waste #thrown #into #drain #health #department #took #action #against #hotel #Nadapuram