നാദാപുരം :(nadapuram.truevisionnews.com) സ്ഥലം മാറിപോയ ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയമിച്ചില്ല. തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ്.
തൂണേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മൂലമുണ്ടായ ഒഴിവിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് കാരണം തൂണേരി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം താളം തെറ്റുകയാണ്.
സെക്രട്ടറി, അക്കൗണ്ടൻറ് ,ഹെഡ് ക്ലർക്ക് ,രണ്ട്സീനിയർ ക്ലർക്ക്മാർ ,അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ് വന്നിട്ട് മാസങ്ങളായി . ഇതിൽ പലരും സ്ഥലം മാറി പോയെങ്കിലും പകരം ഉദ്യോഗസ്ഥർ ചാർജ് എടുത്തിട്ടില്ല .
അതോടൊപ്പം തന്നെ സർവീസിൽ ഉണ്ടായിരുന്ന ഒരു സീനിയർ ക്ലർക്ക് റിട്ടയർ ചെയ്യുകയും മറ്റൊരാൾക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടാവുകയും ചെയ്തതോടെ സീറ്റുകൾ കാലിയാണ്.
ദൈനംദിന പ്രവർത്തനങ്ങളും വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
പരാതികളും അപേക്ഷകളുമായി എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം ലഭിക്കാൻ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയാണ്.
പ്രിൻസിപ്പൽ ഡയറക്ടർ, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ നേരിട്ട് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന തൂണേരി ഗ്രാമപഞ്ചായത്തിന് തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്ന് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഒഴിവുകൾ നികത്തി പ്രവർത്തനം സാധാരണ നിലയിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അശോകൻ തൂണേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, വി കെ രജീഷ് , പി കെ സുജാത ടീച്ചർ, ഫസൽ മാട്ടാൻ, കെ മധു മോഹനൻ, കുഞ്ഞിരാമൻ കെ, ജി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
#No #replacement #staff #government #trying #destroy #Thuneri #gram #panchayat