നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വളയത്ത് കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ.
ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദ് (38), വാണിമേൽ സ്വദേശി കൊയിലോത്തുങ്കര ഇസ്മയിൽ (36) എന്നിവരാണ് അറസ്റ്റിലായത്.
എംഡിഎംഎ കേസുകളിൽ സ്ഥിരം പ്രതിയായതോടെയാണ് ചേണികണ്ടി നംഷിദിനെ കഴിഞ്ഞ ഏപ്രിലിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിൽ ആറ് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാട് കടത്തിയത്.
എന്നാൽ ഇതിനു പിന്നാലെ ഓഗസ്റ്റിൽ നംഷിദിനെ എംഡിഎംഎയുമായി വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ താനക്കോട്ടൂരിൽ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിനും ലഹരി കടത്ത് കേസിലും ഉൾപ്പെട്ട് അറസ്റ്റിലായി.
കഞ്ചാവ് വിൽപ്പന, മോഷണം, അടിപിടി കേസുകളിൽ പെട്ടതോടെയാണ് കൊയിലോത്തുങ്കര ഇസ്മയിലിനെ ഒരു വർഷത്തേക്ക് 2024 മെയിൽ നാട് കടത്തിയത്.
ഇതിനിടെ ഇസ്മയിൽ കാപ്പ ലംഘിച്ച് ഒക്ടോബർ 10 ന് കല്ലാച്ചിയിൽ പിടിയിലായി. തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വീണ്ടും നാട് കടത്തുകയായിരുന്നു.
വയനാട്, കോഴിക്കോട് ജില്ലകളിൽ കേസുകളിൽ പ്രതിയാണ് ഇസ്മായിൽ.
ഇതിനിടെ നാദാപുരം, വളയം സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ വാണിമേൽ കോടിയൂറ സ്വദേശി ഒടുക്കന്റവിട സുഹൈലിനെതിരെ (24) കാപ്പ ചുമത്താനുള്ള നടപടികൾ വളയം പോലീസ് ആരംഭിച്ചു.
സുഹൈലിനെ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടയാൻ പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് കലക്ടറുടെ പരിഗണനയിലാണ്.
കൂടാതെ നാദാപുരം സബ് ഡിവിഷണൽ പരിധിയിൽ സ്ഥിരം കുറ്റവാളികൾക്കെതിരെ ആർഡിഒ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്.
#Two #people #were #arrested #violating #Kappa #order #valayam