നാദാപുരം: (nadapuram.truevisionnews.com )തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടർന്ന് തൂണേരി, വെള്ളൂർ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കി.
കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളിൽ ആറുപേർ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികൾ ദോഹയിൽ നിന്നും രണ്ട് പ്രതികൾ ദുബായിൽ നിന്നുമാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്.
എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്‌മായിൽ ഇതുവരെ കീഴടങ്ങിയിട്ടില്ല. കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
പ്രതികൾക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്‌ത പ്രതികളെ രാത്രി തന്നെ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്‌ജി കെ. സുരേഷ് കുമാറിന് മുന്നിൽ ഹാജരാക്കി.
ഇന്ന് പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്‌ത് സർക്കാരും ഷിബിൻ്റെ പിതാവും സമർപ്പിച്ച അപ്പീലിലാണ് 1 മുതൽ 6 വരെ പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്.
2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ ആറു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
#Shibin #murder #case #After #sentencing #accused #today #security #beefed #up #around #Thuneri