നാദാപുരം : (nadapuram.truevisionnews.com) ഗാന്ധിയൻ ആശയപ്രചരണം ലക്ഷ്യമിട്ട് ദീർഘകാലമായി അബുദാബിയിൽ പ്രവർത്തിച്ചുവരുന്ന ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ "രാഷ്ട്രസേവാ" പുരസ്‌കാരത്തിന്, ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് അർഹനായി.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
"മഹാത്മാഗാന്ധി: കാലവും കർമ്മപഥവും 1869-1915 " എന്ന ഗ്രന്ഥരചന പരിഗണിച്ചാണ് പുരസ്കാരം.മഹാത്മാഗാന്ധിയുടെ നാലരപതിറ്റാണ്ട് കാലത്തെ സംഘർഷഭരിതവും യാതനാപൂർണ്ണവുമായ ജീവിതാനുഭങ്ങളാണ് പി.ഹരീന്ദ്രനാഥ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2023 ലെ പി.ആർ. നമ്പ്യാർ പുരസ്കാരം ഈ പുസ്തകത്തിനാണ് ലഭിച്ചത്. പി.ഹരീന്ദ്രനാഥിന്റെ ആദ്യ ചരിത്രരചനയായ "ഇന്ത്യ: ഇരുളും വെളിച്ചവും" തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വച്ച് ഗാന്ധി സാഹിത്യവേദി പ്രസഡന്റ് വി.ടി.വി. ദാമോദരൻ അവാർഡ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് പ്രശസ്തിപത്രം വായിച്ച് സമർപ്പിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി.പി.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സെന്റർ പ്രസിഡണ്ട് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ജാഫർ കുറ്റിക്കോട് സ്വാഗതം ആശംസിച്ചു.
സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഡ്വ. ഫാത്തിമ തബ്ഷീറ, റഷീദ് പട്ടാമ്പി, ഐ.എസ.സി സാഹിത്യവിഭാഗം സെക്രട്ടറി നാസ്സർ വിളഭാഗം, മലയാളി സമാജം മുൻ പ്രസിഡണ്ട്ബി.യേശുശീലൻ, കേരള സോഷ്യൽ സെൻ്റർ മുൻപ്രസിഡണ്ട്മാരായ, പി. പത്മനാഭൻ, വി.പി.കൃഷ്ണകുമാർ എന്നിവർ എന്നിവർ ആശംസ നേർന്നു.
#National #Service #Award #AbuDhabi #Gandhi #Sahityavedi #Award #PHarindranath