നാദാപുരം. (nadapuram.truevisionnews.com)നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ സർക്കാർ ഉത്തരവ് മറികടന്ന് യോഗ്യത ഇല്ലാത്തവർക്ക് സെക്യൂരിറ്റി നിയമനം നൽകുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് കോഴിക്കോട് വിജിലൻസ് എസ് പി ക്ക് പരാതി നൽകി.
ഒക്ടോബർ 9 ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ആശുപത്രി സൂപ്രണ്ടും, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടും ഉൾപ്പെടുന്ന ഇന്റർവ്യൂ ബോഡി നടത്തിയ അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റ് ആശുപത്രി ഓഫീസിൽ ഏൽപ്പിക്കാതെ ബ്ലോക്ക് പ്രസിഡന്റ് പിടിച്ചു വെക്കുകയായിരുന്നു.
ഇക്കാരണത്താൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്താൻ കഴിഞ്ഞില്ല. നേരത്തെ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സി ഐ ടി യു നോതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തക്കാരനുമായ വ്യക്തിക്ക് സർക്കാർ ഉത്തരവുകൾ ലംഘിച്ച് നിയമനം നൽകണമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പിടിവാശി.
സർക്കാർ നിശ്ചയിച്ച യോഗ്യതയില്ലാത്തതും ഇന്റർവ്യൂവിൽ പോലും പങ്കെടുക്കാത്തവരുമായ വ്യക്തികളെ സ്വന്തം താല്പര്യ പ്രകാരം ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി നിയമനം നടത്താൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി വനജ അധികാര ദുർവിനിയോഗത്തിലൂടെ സ്വജന പക്ഷപാതം നടത്തി അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും ഹാരിസ് നൽകിയ പരാതിയിൽ പറയുന്നു.
സെക്യൂരിറ്റി സ്റ്റാഫ് ഇല്ലാത്തതിന്റെ പേരിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ രാത്രി കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യാൻ പ്രയാസപ്പെടുകയാണെന്നും വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗം അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തിരുത്താൻ പാർട്ടി തയ്യാറാകണമെന്നും പിടി വാശി അവസാനിപ്പിച്ച് നേരത്തെ നടത്തിയ ഇന്റർവ്യൂ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അടിയന്തിരമായി സെക്യൂരിറ്റി നിയമനം നടത്തണമെന്നും ഇ ഹാരിസ് ആവശ്യപ്പെട്ടു.
#Attempted #unauthorized #appointment #Nadapuram #Govt #Taluk #Hospital #complaint #lodged #with #youth #league #vigilance