നാദാപുരം: ( www.truevisionnews.com) തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിൽ കോടതി ശിക്ഷിച്ച മുഖ്യപ്രതിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ പോലീസ് നിയമ നടപടി തുടങ്ങി.
കേസിൽ ഒന്നാം പ്രതിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ തൂണേരി തെയ്യമ്പാടി വീട്ടിൽ ഇസ്മയിലിനെയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ നാദാപുരം പോലീസ് നിയമോപദേശം തേടി.
പ്രതിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം. ഇതിനായി അഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2016 ൽ കോഴിക്കോട് എരഞ്ഞിപ്പാലം ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട പ്രതികളിൽ ഏഴ് പേരെ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും ഒക്ടോബർ മാസം 15 ന് ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികൾ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു.
ആറ് പ്രതികളും ഒരുമിച്ചാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേർക്കെതിരെയും കോടതി വാറൻ്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് നാദാപുരം പോലീസ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതാടെ വിമാനത്താവളത്തിൽ എത്തിയ ആറ് പ്രതികളെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് നാദാപുരം പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് പ്രതികളെ എരഞ്ഞിപ്പാലം വിചാരണ കോടതി ജഡ്ജ് മുമ്പാകെ ഹാജരാക്കി റിമാന്റ്റ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എന്നാൽ മുഖ്യപ്രതിയായ ഇസ്മയിൽ വിദേശത്ത് തന്നെ തുടരുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന പ്രതിക്ക് 15 ന് നാട്ടിലെത്താനാവില്ലെന്നും വൈകാതെ കോടതിയിൽ കീഴടങ്ങാമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.
ഇസ്മായിലിന്റെ അഭാവത്തിലും കോടതി മറ്റ് പ്രതികൾക്കൊപ്പം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ പ്രഖ്യാപിച്ച് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും എത്താതായതോടെയാണ് പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസും പ്രോസിക്യൂഷനും നടപടികൾ ആരംഭിച്ചത്.
കോടതി ശിക്ഷ വിധിച്ച അന്ന് തന്നെ മറ്റ് പ്രതികളെ ജയിലിൽ അടച്ചിരുന്നു. നിലവിൽ കോഴിക്കോട് ജില്ല ജയിലിലാണ് പ്രതികൾ കഴിയുന്നത്. നിലവിൽ ഇസ്മയിലിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും വാറന്റും നിലവിൽ ഉണ്ട്.
#Shibin #murder #case #Police #action #Blue #Corner #Notice #issued #bring #main #accused #home #from #abroad