നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് വളയം പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനത്തിനു ജിയോളജി വകുപ്പിന്റെ അനുമതി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
വളയം പഞ്ചായത്തിലെ കല്ലുനിര, പൂങ്കുളം ചെമ്പങ്ങോട് പ്രദേശങ്ങളുടെയും ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കപ്പറമ്പ്, അരൂണ്ട, പൂങ്കുളം എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇരുന്നിലാട് കുന്ന്.
ഇരുപഞ്ചായത്തിലായി അഞ്ഞൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഓരോ കാലവര്‍ഷവും ഒട്ടേറെ തവണ മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശമാണ്.
ഈ കുടുംബങ്ങളൊക്കെ ആശ്രയിക്കുന്ന പരമ്പരാഗത നീര്‍ത്തടങ്ങളും വിവിധ ജലസ്രോതസ്സുകളും ഈ കുന്നില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുന്നില്‍ ജിയോളജി വകുപ്പ് എങ്ങനെയാണ് അനുമതി കൊടുത്തതെന്ന് ദുരൂഹമാണ്.
കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടുന്ന മേഖലയില്‍ പഠനമോ സന്ദര്‍ശനമോ നടത്താതെയാണ് ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വളയം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് യോഗത്തില്‍ 22 ലക്ഷം മുടക്കിയാണ് ഖനനത്തിന് അനുമതി നേടിയതെന്ന് ഖനനക്കമ്പനിയുടെ ആളുകള്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഇത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന അഴിമതിയുടെ ഭാഗമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി കെ.പി നാണു പറഞ്ഞു. ഖനനത്തിന് അനുമതി നല്‍കിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ഉരുള്‍പൊട്ടലടക്കം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും അതിനാല്‍ യാതൊരു ഖനനവും അനുവദിക്കില്ലെന്നും ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും വാര്‍ഡ് മെമ്പര്‍ കെ.പി മോഹന്‍ദാസ് പറഞ്ഞു.
#Quarrying #iron #ore #Valayam #Irunnilad #Hill #Locals #protest