Jan 20, 2025 02:52 PM

കല്ലാച്ചി: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ദിശ മാറി ഒഴുകിയ മയ്യഴിപ്പുഴ പൂർവ്വ സ്ഥിതിയിലാക്കാൻ ജലസേചന വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി നാദാപുരം മേഖല കൺവീനർ ഈന്തുള്ളതിൽ കുഞ്ഞാലി ആവശ്യപ്പെട്ടു.

നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട്, പേരോട്, വിഷ്ണുമംഗലം, തെരുവമ്പറമ്പ്, ചിയ്യൂർ പ്രദേശങ്ങളിലെ ഇരുന്നൂറിലേറേ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

പ്രധാന പാതകളിലും പൊതുമരാമത്ത് റോഡുകളിലും രണ്ടാൾ പൊക്കത്തിൽ വെള്ളമായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങി പൂർണമായും നശിച്ചത്.

റവന്യു, തദ്ദേശം, ആരോഗ്യം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും മതിയായ നഷ്ടം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കണ്ടെത്തി വീട്ടുപകരണങ്ങൾ വാങ്ങി നൽകിയാണ് വെള്ളം കയറിയ വീടുകൾ വാസയോഗ്യമാക്കിയത്.

2018 ലെ പ്രളയത്തിലും സമാന രീതിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും പുഴയുടെ ദിശ മാറിയതിനെ തുടർന്നുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടപ്പോൾ എസ്കവേറ്റർ ഇറക്കി ഒഴുക്ക് ശരിപ്പെടുത്തി പുഴ പൂർവ സ്ഥിതിയിൽ ആക്കിയതും ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ്.

ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴയിൽ ഒലിച്ചു വന്ന കല്ലും, മണ്ണും, എക്കലും, മരക്കമ്പുകളും നീക്കം ചെയ്യാൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദി ജല സേചന വകുപ്പിന് നൽകിയ നിവേദനം ഇപ്പോഴും പരിഗണിച്ചിട്ടില്ല.

കൂടാതെ വാണിമേൽ പഞ്ചായത്ത് പരിധിയിൽ നേരത്തെ പുഴ ഒഴുകിയ ഭാഗത്ത് മണ്ണിട്ട് അടച്ചതിനാൽ പുഴ കരയാവുകയും നാദാപുരം പഞ്ചായത്ത് ഭാഗങ്ങളിലെ തീരം ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.

മയ്യഴിപ്പുഴ സംരക്ഷണ സമിതി നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഫണ്ട് സമാഹരണം നടത്തി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ പിന്നിൽ നിന്ന് കുത്തി സാമ്പത്തിക ലാഭം കൊയ്യാൻ ശ്രമിക്കുന്നവരിൽ നിന്നുണ്ടായ മുൻ കാല അനുഭവങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും, കള്ളങ്ങൾ പ്രചരിപ്പിച്ചും വ്യാജ വാർത്തകൾ നൽകിയും വെള്ളപ്പൊക്ക സമാശ്വാസത്തിന് തടസ്സം നിൽക്കുന്നവരെ ഇരകളെ ഇറക്കി പ്രതിരോധിക്കുമെന്നും ഈന്തുള്ളതിൽ കുഞ്ഞാലി പറഞ്ഞു.

#Vilangad #landslide #Mayyazhipuzha #which #flowing #different #direction #should #restored

Next TV

Top Stories