വാണിമേൽ: തകർന്നു കിടക്കുന്ന വാണിമേൽ -വിലങ്ങാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ് ഡി പി ഐ വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ ചുഴലിക്കര ആവശ്യപ്പെട്ടു.

വിവിധ കലാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും തൊഴിലാളികളും രോഗികളും അടക്കം ആയിരക്കണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന റോഡിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണെന്നും റോഡിലൂടെയുള്ള വാഹനങ്ങളുടെ യാത്ര അതീവ ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡിന്റെ ശോചനീയാവസ്ഥ കാരണം അടുത്ത മാസം ഒന്നു മുതൽ ബസ്സുകൾ ഓട്ടം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
വിലങ്ങാട് റോഡിന്റെ സ്ഥിതി അറിയുന്ന ആർക്കും ബസ്സുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നു ബോധ്യപ്പെടും.
വലിയ തോതിലുള്ള പ്രളയക്കെടുതികൾക്ക് ഇരയായ പ്രദേശം എന്ന നിലയിൽ വിലങ്ങാട് റോഡിന്റെ പുനർ നിർമാണം സർക്കാരിന്റെ പ്രത്യേക പരിഗണനയിൽ വരേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല.
ഇതു വഴിയുള്ള ബസ്സോട്ടം കൂടി നിലച്ചാൽ വിവരണാതീതമായ ദുരിതങ്ങളിലാവും പ്രദേശത്തെ ജനങ്ങൾ അകപ്പെടുക. അതിനാൽ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട അധികാരികളോട് സുബൈർ ചുഴലിക്കര ആവശ്യപ്പെട്ടു.
#Vanimel #Vilangad #road #should #repaired #road #passable #SDPI