നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതമായി വില വർധിപ്പിച്ചതിനാൽ നിർമാണ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വില വർദ്ധന പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് ഒരടിക്ക് പത്ത് രൂപയാണ് വർദ്ധിപ്പിച്ചത്. ക്വാറികളും ക്രഷറുകളും ഏറെ പ്രവർത്തിക്കുന്ന മുക്കത്തും,നാദാപുരം നിയോജക മണ്ഡലത്തിലെ മുള്ളൻകുന്ന് പശുക്കടവ്, വള്ള്യാട് ക്വാറികളിലും ക്രഷറുകളിലും വില വർദ്ധനവ് നിലവിൽ വന്നു.



നാദാപുരം മേഖലയിലേക്ക് കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ എത്തിയിരുന്ന കണ്ണൂർ ജില്ലയിലെ ഇരിട്ടി, ചെറുവാഞ്ചേരി ഭാഗങ്ങളിൽ നേരത്തെ ഒരടിക്ക് അഞ്ച് രൂപ വർധിപ്പിച്ചിരുന്നു.
ഇതോടെ ഉപഭോക്താവിന് അയ്യായിരം രൂപക്ക് ലഭിച്ചിരുന്ന ഒരു ലോഡ് മെറ്റലിന് ആറായിരം രൂപയും, എം സാന്റിന് ഏഴായിരം രൂപയും കൊടുക്കേണ്ട സ്ഥിതിയാണ്.
കമ്പിക്കും സിമന്റിനുമുള്ള വില വർധനക്ക് ശേഷമുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധന നിർമാണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ ചരക്ക് നീക്കം നിലക്കുകയും ലോറി ഉടമകളും തൊഴിലാളികളും ജോലി ഇല്ലാതെ വഴിയാധാരമാകുന്ന സാഹചര്യമാണ്.
സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് സർക്കാർ പൊതുമരാമത്ത് വർക്കുകൾ പൂർത്തീകരിക്കണമെങ്കിൽ ടെണ്ടർ നൽകിയ സമയത്തെ വിലക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കണമെന്നാണ് കരാറുകാർ പറയുന്നത്.
പഴയ വിലക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാകാത്തതിനാൽ റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും നിലക്കാനാണ് സാധ്യത. അനിയന്ത്രിതമായ വില വർദ്ധനവ് പിൻവലിപ്പിക്കാൻ അടിയന്തരമായി ജില്ല കളക്ടർ ഇടപെടണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
#Price #hike #quarry #products #withdrawn #YouthLeague