നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം ബസ് സ്റ്റാന്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനുള്ള 13.76 കോടി രൂപയുടെ പഞ്ചായത്ത് പദ്ധതിക്ക് എൽ.ഐ.ഡി ആന്റ് ഇ.ഡബ്ല്യു ചീഫ് എഞ്ചിനിയറിൽ നിന്നും സാങ്കേതികാനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണപ്രവൃത്തി ആരംഭിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി അറിയിച്ചു.

14 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡി പി ആർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് തയ്യാറാക്കിയത്. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023 ൽ കോഴിക്കോട് ഗവ.എഞ്ചിനിയഗിംഗ് കോളജിലെ സ്ട്രക്ചറൽ വിഭാഗം നിർദ്ദേശിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടവും ബസ്ബെയും പണിയുന്നതിന് തീരുമാനമെടുത്തത്.
കെട്ടിടം പൊളിക്കാനുള്ള സർക്കാർഅനുമതി ലഭിച്ചതിനെ തുടർന്ന് 2024 ആഗസ്ത് 28 ന് പൊളിച്ചു നീക്കൽ തുടങ്ങി. 1980 ൽ അക്വയർ ചെയ്ത് നിർമ്മിച്ച കെട്ടിടത്തിൽ 2005 ലാണ് അവസാനമായി അറ്റകുപ്പണിനടത്തിയിരുന്നത്.
ബസ് ബെയോടൊപ്പം നിർമ്മിക്കുന്ന പുതിയഷോപ്പിംഗ് കോംപ്ലക്സിൻ്റെ പ്ലാനിനും സ്കെച്ചിനും ചീഫ്ടൗൺ പ്ലാനറിൽ നിന്നും കെട്ടിട നിർമ്മാണ അനുമതിയും ലഭിച്ചു കഴിഞ്ഞതാണ്. ഗ്രൗണ്ട് വാട്ടർ ലെവൽ ടെസ്റ്റും സോയിൽ ടെസ്റ്റും നേരത്തെ തന്നെ പൂർത്തീകരിച്ചത്തിനാൽ ടെണ്ടർ നടപടികൾ പൂർത്തിയായാലുടൻ പ്രവർത്തി ആരംഭിക്കാനാകും.
വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്, ബസ് ബെ, വെയിറ്റിംഗ് ഏരിയാ സാനിറ്റേഷൻ കോംപ്ലക്സ്,ലൈബ്രറി ഹാൾ, ശീതീകരിച്ച മിനി കോൺഫറസ് ഹാൾ, കടമുറികൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്.
കെട്ടിടത്തിൻ്റെ നിർമ്മിതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. സ്റ്റീൽ പ്രീ ഫാബ് സ്ട്രക്ചറിലായിരിക്കും നിർമ്മാണ രീതി.നിർമ്മാണ കാലയളവ് കുറച്ച് സാമ്പത്തിക നേട്ടമുറപ്പിക്കാനും പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്താനുമാണ് സ്റ്റീൽ പ്രീ ഫാബ് നിർമ്മാണ രീതി അവലംബിച്ചത്.
പൂർണ്ണമായും സ്റ്റീൽ പ്രീഫാബിൽ നാദാപുരത്ത് ആദ്യമായിട്ടാണ് ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത്.എൽ.എസ് ജി.ഡി ചീഫ് എഞ്ചിനിയർ കെ.ജി. സന്ദീപ്,എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ ചന്ദ്രൻ,റാണി.എസ് രാജ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ്എഞ്ചിനിയർ ഡി.കെ. ദിഷനശ്കുമാർ എന്നിവരുടെ പരിശോധനയിലും മേൽനോട്ടത്തിലുമാണ് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്.
#Nadapuram #bus #stand #shopping #complex #Technical #approval #fund #panchayat #project