നാദാപുരം: (nadapuram.truevisionnews.com) ഇന്ത്യൻ സിവിൽ സർവീസ് എന്നത് കുട്ടി മദാമ്മമാരുടെയും കുട്ടി സായിപ്പന്മാരുടെയും സങ്കേതമല്ലെന്നും സാധാരണക്കാരൻ്റെ വേദന തിരിച്ചറിഞ്ഞ് രാഷ്ട്ര നിർമ്മാണത്തിലേർപ്പെടുന്ന മനുഷ്യത്വമുള്ളവരുടെ സേവന പാതയാണെന്നും ഡോ. രാജനാരായണസ്വാമി ഐഎഎസ് പറഞ്ഞു.
വിജയിക്കാൻ എളുപ്പവഴികളില്ലെന്നും പരീക്ഷയിൽ ജയിക്കാനായി മാത്രം പഠിക്കാതെ പഠിക്കുന്ന വിഷയത്തെ സ്നേഹിച്ചും അവഗാഹം നേടാനുള്ള ആഗ്രഹത്തോടെയും സമയനിഷ്ഠയോടെ പഠിച്ചാൽ വിജയത്തിന് മുന്നിൽ തടസ്സങ്ങളൊന്നുമില്ലെന്നും കുട്ടികളോട് അദ്ദേഹംപറഞ്ഞു.



സിവിൽ സർവ്വീസ് തൽപരരായ വിദ്യാർത്ഥികൾക്കായി നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് എന്ന സ്ഥാപനത്തിൻറെ ഓപ്പറേറ്റിങ് ഓഫീസർ അഡ്വ. മുഹമ്മദ് റോഷൻ സിവിൽ സർവീസിൻ്റെ ലോകം എന്ന വിഷയമവതരിപ്പിച്ചു.
നേരത്തെ രജിസ്റ്റർ ചെയ്ത 275 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ, ജനീദ ഫിർദൗസ്, എം ഇടി ട്രസ്റ്റ് ചെയർമാൻ യൂനുസ് ഹസ്സൻ,മെമ്പർമാരായ അബ്ബാസ് കണേക്കൽ അബ്ദുൽ,എ.കെ. സുബൈർ മാസ്റ്റർ, വിജലീൽ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സന്നദ്ധ പ്രവർത്തകരായ സമീർ ഓണിയിൽ,അസീസ് വാണിമേൽ, കെ സി റഷീദ്, വി പി ഫൈസൽ എന്നിവർ വിവിധ സെഷനുകളിൽ പ്രൊസീഡിയം നിയന്ത്രിച്ചു.ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി തുടർന്ന് സ്ഥിരം കോച്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പറഞ്ഞു.
Orientation program organized by Nadapuram Grama Panchayath for students interested in civil services Dr Raja Narayana Swamy IAS