Aug 20, 2022 07:53 AM

 നാദാപുരം : മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരിൽ തൂണേരി സ്വദേശിയും. എസ്.എഫ്.ഐ. ആക്രമണത്തിനിടെ രാഹുൽഗാന്ധി എം.പി.യുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് പോലീസ്.

സംഭവത്തിൽ എം.പി.യുടെ പി.എ. ഉൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. പേഴ്സണൽ അസിസ്റ്റന്റ് സുൽത്താൻബത്തേരി സ്വദേശി കെ.ആർ. രതീഷ് കുമാർ (40), ഓഫീസ് ജീവനക്കാരൻ നാദാപുരം തൂണേരി സ്വദേശി എസ്.ആർ. രാഹുൽ (41), എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ. മുജീബ് (44), കല്പറ്റ സ്വദേശി വി. നൗഷാദ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലുപേർക്കും വൈകീട്ട് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യം നൽകി.


കലാപത്തിനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവരുടെ പേരിൽ ചുമത്തിയത്. ചോദ്യംചെയ്യലിന് ഹാജരാവാനായി ബുധൻ, വ്യാഴം ദിവസങ്ങളിലായി ഇവരുൾപ്പെടെ അഞ്ചുപേർക്ക് നോട്ടീസ് നൽകിയിരുന്നു. ജൂൺ 24-നാണ് രാഹുലിന്റെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്തത്.

ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്ന് കോൺഗ്രസും കോൺഗ്രസുകാർതന്നെയാണെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു. ഓഫീസിൽ അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ. പ്രവർത്തകർ പുറത്തിറങ്ങിയ ശേഷവും മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിൽ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ഏറെ ചർച്ചയായി.

കൃത്യമായ അന്വേഷണം നടത്താതെ വാദിയെ പ്രതിയാക്കുകയാണെന്നും തരംതാണ രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും രാഹുൽഗാന്ധിയുടെ പി.എ. കെ.ആർ. രതീഷ് കുമാർ പറഞ്ഞു.

സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിർദേശപ്രകാരം പോലീസ് കള്ളക്കേസെടുത്തതായി ആരോപിച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കല്പറ്റ ഡിവൈ.എസ്.പി. ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

Thunerikaran arrested; One of the Congress workers in the case of vandalizing Mahatma Gandhi's portrait is a native of Thuneri

Next TV

Top Stories










News Roundup