പുറമേരി : (nadapuramnews.com) സംസ്ഥാന പതയോരത്ത് പുറമേരി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുറമേരിയിൽ കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തോട് ചേർന്നാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്. ഓട്ടോ ടാക്സി തൊഴിലാളികൾക്കും കച്ചവടക്കാർക്കും ബസ് കാത്തിരിപ്പുകാർക്കും ഏറെ പ്രയോജനമാകും ഈ വിശ്രമ കേന്ദ്രം. മികച്ച നിലവാരത്തിലുള്ള പൊതു ശൗചാലയവും ഫീഡിങ് റൂമും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഹരിത കർമ്മ സേനക്ക് നടത്തിപ്പ് ചുമതല നൽകാനാണ് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത് . മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിതം നിർമ്മലം പരിശുദ്ധം പുറമേരി ക്യാമ്പയിൻ ഒന്നാം ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്.
വൈസ് പ്രസിഡന്റ് സി.എം വിജയൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എം വിജിഷ, കല്ലിൽ ബീന, എം.എം ഗീത, പഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
#Take a Break #roadside #restcenter #set up #Purameri