നാദാപുരം: (nadapuramnews.in) വിവാദമായ ഗവ. ആശുപത്രി- സൈദ് മൻസിൽ റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ച പരാതിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ ഇറക്കിയ ഉത്തരവ് സംസ്ഥാന ഓംബുഡ്സ്മാൻ റദ്ദാക്കി.
2019-20 വർഷം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുത്ത ആശുപത്രി സൈദ് മൻസിൽ റോഡ് പ്രവൃത്തി പൂർത്തീകരിക്കാതെ തുക വകമാറ്റി എന്ന് കാണിച്ച് മുൻ മെമ്പർ വി.എ. മുഹമ്മദ് നൽകിയ പരാതിയിലാണ് ചെലവഴിച്ച തുക സെക്രട്ടറി ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥർ തിരിച്ചടക്കാൻ ജില്ലാ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.
ഈ കേസ് വീണ്ടും ഹിയറിങ് നടത്തി ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് ചിലവഴിച്ച തുക സെക്രട്ടറിയും അക്രഡിറ്റഡ് എഞ്ചിനീയറും ഓവർസിയർ തിരിച്ചടയ്ക്കണമെന്നുള്ള ഉത്തരവ് റദ്ദാക്കിയത്. ഇതേ റോഡിൽ തന്നെയാണ് നിലവിൽ പ്രവൃത്തി ചെയ്തിട്ടുള്ളതെന്നും റോഡിൻറെ അവസാനത്തെ ഭാഗത്ത് നിന്നുമാണ് പ്രവൃത്തി തുടങ്ങിയതെന്നും ബി.പി.ഒ.യുടെയും എൻജിനീയരുടെയും മൊഴി നൽകിയിരുന്നു.
ഗവ. ആശുപത്രി - സൈദ് മൻസിൽ റോഡിന്റെ തുടക്കത്തിൽ വീതി കുറവായതിനാലും ഗുണഭോക്താക്കൾ ഇല്ലാത്തതിനാലും സൈദ് മൻസിൽ ഭാഗത്തുനിന്ന് ആരംഭിക്കുന്നതിന് ഗ്രാമസഭ തീരുമാനവും മെമ്പറുടെ കത്തും അപ്പലേറ്റ് അതോറിറ്റി മുഖവിലക്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത റോഡ് മൂന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് വരുന്നതാണ്. അതിൽ 2,81,375/-രൂപ ചെലവായിട്ടുണ്ടെന്നും ആയതിനാൽ പ്രവൃത്തി നടന്നിട്ടില്ലായെന്ന പരാതിക്കാരന്റെ വാദം തെറ്റാണെന്നും ഓംബുഡ്‌സ്മാൻ വിലയിരുത്തി.
ഈ റോഡിന് പകരം മറ്റൊരു റോഡ് നിർമ്മിച്ചു എന്ന് പറയുന്നത് ശരിയല്ലന്നും ഇപ്പോഴത്തെ മെമ്പർ റോഡ് സൈദ് മൻസിൽ ഭാഗത്തുനിന്നും ആരംഭിക്കുവാൻ നിർദ്ദേശം നൽകി കത്ത് പഞ്ചായത്തിന് നൽകിയിട്ടുണ്ടെന്നും ഗ്രാമസഭ നിർദേശവും ഉണ്ടെന്നും സെക്രട്ടറിയും റിപ്പോർട്ട് ചെയ്തിരുന്നു.
ഓംബുഡ്സ്മാന് തെറ്റായ റിപ്പോർട്ട് നൽകിയതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
#GovtHospital #SyedManzilRoad #Action #againstofficials #cancelled