നാദാപുരം: (nadapuramnews.com) പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാത്ത വീടുകൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് നാദാപുരത്ത് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ആരംഭിച്ചു. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഹരിത കർമസേനാംഗങ്ങൾ കുറവുള്ള വാർഡുകളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കുറവ് പരിഹരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
നിലവിൽ വാർഡുകളിൽ നിന്നും പാഴ് വസ്തു ശേഖരണം നടന്നുവരുന്നുണ്ട് . വാതിൽ പടി ശേഖരണം നൂറു ശതമാനത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി 'എന്റെ വാർഡ് നൂറിൽ നൂറ് ' പദ്ധതിയുമായി പഞ്ചായത്ത് അംഗങ്ങൾ എല്ലാ വീടുകളും നേരിട്ട് സന്ദർശിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട് .
ഇത്തരത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ചില വീട്ടുകാർ ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും, അൻപത് രൂപ യൂസർ ഫീസ് നൽകുന്നതിലുള്ള വൈമുഖ്യം കാരണം അജൈവ മാലിന്യങ്ങൾ കൈമാറാതെ കത്തിക്കുകയോ ,പൊതുസ്ഥലങ്ങൾ, നദി , തോടുകൾ മറ്റ് ജല സ്രോതസ്സുകൾ, കുറ്റിക്കാടുകൾ, എന്നിവിടങ്ങളിൽ വലിച്ചെറിയുകയോ ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്.
ഹരിത കർമ്മ സേനയുടെ സഹായത്തോടെ ഇത്തരക്കാരുടെ പ്രത്യേക ലിസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വീടുകളിൽ പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ കത്തിക്കുന്നതിന് വേണ്ടി വീടിന് സമീപത്ത് കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മൂന്നാം വാർഡിലെ വിഷ്ണുമംഗലം സ്വദേശിക്ക് നോട്ടീസ് നൽകി.
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ വീഡിയോ ,ഫോട്ടോ എന്നിവ സഹിതം പൊതുജനങ്ങൾ പരാതി നൽകുന്നതിന്റെ അടിസ്ഥാനത്തിലും നടപടി സ്വീകരിച്ചു വരുന്നുണ്ട് .കഴിഞ്ഞദിവസം നാദാപുരത്തെ ടെക്സ്റ്റൈൽസിന് ഇത്തരത്തിൽ പിഴ ചുമത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ ,അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യുന്നത് പ്ലാസ്റ്റിക് മാലിന്യ പരിപാലനചട്ടം 2016 പ്രകാരം പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയുക, മലിനജലം അലക്ഷ്യമായി ഒഴുക്കിവിടുക, ജലസ്രോതസ്സുകൾ മലിനപ്പെടുത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പഞ്ചായത്തീരാജ് ആക്ട് 219 അനുബന്ധ സെക്ഷനുകൾ ,
ഖര മാലിന്യ പരിപാലന ചട്ടം 2016 ,പ്ലാസ്റ്റിക് മാലിന്യ പരിപാലനചട്ടം 2016,പരിസ്ഥിതി (സംരക്ഷണം) നിയമം ,ഇന്ത്യൻ പീനിയൽ കോഡ് 278, ജല സംരക്ഷണ നിയമം തുടങ്ങിയ വിവിധ നിയമങ്ങൾ പ്രകാരം കുറ്റകരവും ,തടവ് പിഴ മുതലായ ശിക്ഷകൾ ലഭിക്കാവുന്നതുമാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വരും ദിവസങ്ങളിലും പരിശോധന നടത്തുന്നതാണ് . അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,വി എൻ കെ സുനിൽകുമാർ ,എം ടി പ്രജിത്ത് എന്നിവർ പരിശോധനയിലും നടപടിയിലും പങ്കെടുത്തു .
#Inspection #homes #specialsquad #Nadapuram #started #checking #houses #prevent #burning #plastic waste