വിലങ്ങാട്:(nadapuram.truevisionnews.com) ഉരുൾപൊട്ടൽ മൂലം സംഭവിച്ച കാർഷിക നാശനഷ്ടം വിലയിരുത്തി അർഹമായ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും കൃഷി നാശം ഉണ്ടായ കർഷകർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിനും ക്രിയാത്മകമായി സർക്കാർ ഇടപെടും.
ഇത് കൂടിയാലോചിക്കുന്നതിനായി പതിമൂന്നാം തീയ്യതി ഉന്നതതല യോഗം ചേരുന്നുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലെ കൃഷിനാശം കൃത്യമായി വിലയിരുത്തി അതിന് അടിസ്ഥാനമാക്കിയായിരിക്കും അർഹമായ ആനുകൂല്യം കൃഷിക്കാർക്ക് ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഇതിനുള്ള പ്രവർത്തനങ്ങൾ കൃഷി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൃഷിക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിൽ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ മന്ത്രി സംബന്ധിച്ചു.
കൃഷി നാശത്തിന്റെ അപേക്ഷ ഈ മാസം 30 വരെ സമർപിക്കാം. കൃഷി നാശം ഉണ്ടായ ഏരിയകളിൽ പരിശോധന നടത്തിയതിനുശേഷം നാശത്തിന്റെ അളവ് തിട്ടപ്പെടുത്തി കർഷകർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കും.
അപേക്ഷ സമർപിക്കുമ്പോൾ അതിനോടൊപ്പം സമർപിക്കേണ്ട രേഖകളുടെ കാര്യത്തിൽ കർഷകരെ സഹായിക്കുന്ന നിലപാടായിരിക്കും സർക്കാർ കൈക്കൊള്ളുക.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളിൽ സാധ്യമായി ഇളവുകൾ സർക്കാർ നൽകും. ഉരുൾപൊട്ടൽ മൂലം കൃഷി നാശം സംഭവിച്ച ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ആവശ്യമായ പരിശോധനകൾ കൃഷിവകുപ്പും റവന്യൂ വകുപ്പും ചേർന്ന് നടത്തേണ്ടതാണ്.
#Agriculture #destruction #Minister #PPrasad #said #get #benefits #deserves