വിലങ്ങാട് : മൂന്ന് പതിറ്റാണ്ടിലേറെയായ് നാദാപുരത്തെ രാഷ്ട്രീയ പൊതു മണ്ഡലങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നിസ്വർത്ഥ ജന സേവകൻ്റെ ജീവിത ചിത്രത്തിൻ്റെ നേർക്കാഴ്ച്ചയാണ് എൻസിപി നേതാവ് ജോണി മുല്ലക്കുന്നേലിന്റെ വീട്.
ഉരുൾപൊട്ടി വീട് വാസയോഗ്യമല്ലാതായ അയൽവാസി ജോസിനും കുടുംബത്തിനും ഇപ്പോൾ തണൽ ഈ വീടാണ്. ഒപ്പം ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കൺട്രോൾ റൂമായി പ്രവർത്തിച്ചുവരുന്നതും ജോണി മുല്ലക്കുന്നേലിന്റെ വീട് തന്നെ.
മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലിൽ കുളത്തിങ്കൽ മാത്യു മാഷ് മരിച്ച രാത്രി മുതൽ ഓടിയെത്തിയ നാട്ടുകാർക്ക് അഭയം നൽകിയതും രണ്ട് മാസം മുമ്പ് താമസം തുടങ്ങിയ ഈ വീട്ടിൽ. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടിയപ്പോൾ ജോണിയും കുടുംബവും താമസിച്ച പഴയ വീട് ഒലിച്ചു പോയി.
എൻസിപി നാദാപുരം ബ്ലോക്ക് പ്രസിഡന്റാണ് ജോണി മുല്ലക്കുന്നേൽ. ദുരന്തമുഖത്തേക്ക് ഓടിയെത്തിയ രക്ഷാപ്രവർത്തകരായും ദുരിതാശ്വാസ ഏകോപിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഇതിനകം നൂറുകണക്കിനാളുകളാണ് ജോണിയുടെ വീട്ടിൽ എത്തിയത്.
വന്നവർക്കെല്ലാം ഒരു ചായ, ഒപ്പം ഭക്ഷണവുമൊരുക്കി ഭാര്യ ഷെർലിയും കൂടെയുണ്ട്. അഗ്നിരക്ഷാസേനയും എൻഡിആർഎഫും ഉന്നത ഉദ്യോഗസ്ഥരും പൊലീസും ഇവിടെ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജോണിയുടെ വീട്ടിലെത്തിയാണ് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, എ.കെ ശശീന്ദ്രൻ,ഇ കെ വിജയൻ എംഎൽഎ, കലക്ടർ സ്നേഹിൽകുമാർ സിങ്, ആർഡിഒ പി അൻവർ സാദത്ത്, തഹസിൽദാർ സുഭാഷ്ചന്ദ്രബോസ്, ഡിവൈഎസ്പി എൻപി ചന്ദ്രൻ എന്നിവർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്.
മഞ്ഞച്ചീളിയിലുണ്ടായ ഉരുൾപൊട്ടലിൽ ജോണിയുടെ 20 സെന്റും നേരത്തെ താമസിച്ച ഭൂമിയും ഒലിച്ചുപോയതിനൊപ്പം പാനോം മലയിൽ 50 സെന്റും നഷ്ടമായി.
#Shade #Jose #Johnny #Mullakunnell #house