വിലങ്ങാട്:(nadapuram.truevisionnews.com) നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ ആ സാഹചര്യം പോലും ചൂഷണം ചെയ്യുന്ന മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാകുന്നു.
ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായ ഗൃഹനാഥന്റെ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായ സംഭവത്തിന് പിന്നാലെ കോഴിക്കോട് നാദാപുരം വിലങ്ങാട് നിന്നും സമാനമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ മോഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
നാദാപുരം മലയങ്ങാട് കഴിഞ്ഞ ദിവസം വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെട്ടു. ബാബു എന്നയാളുടെ മുപ്പതോളം തെങ്ങില്‍ നിന്നും തേങ്ങ പറിച്ചുകൊണ്ടുപോയി.
വിലങ്ങാട് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. കാര്‍ഷിക വിളകളും മറ്റും വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെതിരെ നാട്ടുകാര്‍ വളയം പൊലീസില്‍ പരാതി നല്‍കി.
നേരത്തെ മലയങ്ങാട് കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നും പണം മോഷ്ടിച്ചിരുന്നു.
നാശനഷ്ടം കണക്കാക്കാന്‍ ഡ്രോണ്‍ സര്‍വേ
വിലങ്ങാട് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ ഇന്നും തുടരുന്നു.
വിലങ്ങാട് ഉരുൾപൊട്ടലിലെ നാശനഷ്ടം കണക്കാക്കാൻ റവന്യൂ മന്ത്രി കെ രാജൻ കലക്ടർക്ക് നൽകിയ നിർദേശപ്രകാരമാണ് ഇന്നലെ ഡ്രോൺ സർവേ തുടങ്ങിയത്.
എറണാകുളത്തെ ഡ്രോൺ ഇമേജിനേഷൻ എന്ന കമ്പനിയാണ് സർവേ ആരംഭിച്ചത്. അഞ്ചുപേരാണ് സംഘത്തിൽ. വയനാട്ടിലും ഇവർ സർവേ നടത്തിയിരുന്നു.
ശനിയാഴ്‌ച അടിച്ചിപ്പാറ, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിൽ ഡ്രോൺ പറത്തി. ഉരുൾപൊട്ടലിന്റെ കേന്ദ്രങ്ങൾ, ആഘാതം, വീടുകൾക്കുണ്ടായ നാശം, കൃഷിനാശം, ജിഐഎസ് മാപ്പിങ്ങിലൂടെ ഉരുൾപൊട്ടലിന്റെ വ്യാപ്തി എന്നിവ അറിയാനാണ് ഡ്രോൺ സർവേ നടത്തുന്നത്.
ഭാവിയിൽ ഉരുൾപൊട്ടലുണ്ടായാൽ കാര്യക്ഷമമായി കൈ കാര്യം ചെയ്യാനും സർവേ ഉപകരിക്കും. ദുരന്തത്തിന് മുമ്പുണ്ടായിരുന്ന സാറ്റലൈറ്റ് ഇമേജും ശേഷമുള്ള ചിത്രവും പരിശോധിച്ചാൽ എത്ര വീടുകൾക്ക് നാശമുണ്ടായി എന്ന് കണക്കാക്കാൻ കഴിയും.
അടുത്ത ദിവസവും സർവേ തുടരുമെന്ന് അധികൃതർ പറഞ്ഞു. വയനാട്ടിലേക്ക് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കടന്നുപോയപ്പോൾ സർവേ ഇന്നലെ ഒരു മണിക്കൂറോളം നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു.
ഒരേ സമയം മൂന്ന് കിലോ മീറ്റർ വ്യാപ്തിയിൽ ഉള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുള്ള ക്യാമറയാണ് ഉപയോഗിക്കുന്നത്.
#Vilangad #robbery #again #Coconuts #taken #about #thirty #coconut #trees