വിലങ്ങാട്: (nadapuram.truevisionnews.com)ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ നൂറിലേറെ പ്രഭവ കേന്ദ്രങ്ങൾ ഉള്ളതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തി.
നാശനഷ്ടം കണക്കാക്കാൻ റവന്യൂ മന്ത്രി കെ രാജൻ കലക്ടർക്ക് നൽകിയ നിർദേശപ്രകാരമാണ് ഇന്നലെയും ഇന്നുമായി ഡ്രോൺ സർവേ നടത്തിയത്.
എറണാകുളത്തെ ഡ്രോൺ ഇമേജിനേഷൻ എന്ന കമ്പനിയാണ് സർവേ ആരംഭിച്ചത്. അഞ്ചുപേരാണ് സംഘത്തിൽ. വയനാട്ടിലും ഇവർ സർവേ നടത്തിയിരുന്നു.
അതെസമയം വിലങ്ങാട് ദുരന്തത്തിൻ്റെ അവലോകന യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ നാശനഷ്ട കണക്കുകൾ അവതരിപ്പിച്ചു. വിലങ്ങാട് ദുരന്തത്തിൽ നൂറ് കോടിയോളം രൂപയുടെ നാശനഷ്ടം.
മന്ത്രിമാർ പങ്കെടുത്ത് ഇന്ന് ചേർന്ന ഉന്നത തല ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകൾ നഷ്ടത്തിന്റെ കണക്കുകൾ അവതരിപ്പിച്ചത്.
14 വീടുകൾ പൂർണമായും ഒഴുകി പോയതായി വടകര ആർഡിഒയും വിലങ്ങാട് ദുരന്തനിവാരണത്തിന്റെ നോഡൽ ഓഫീസറുമായ പി അൻവർ സാദത്ത് പറഞ്ഞു.
ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ല. താമസ യോഗ്യമല്ലാത്ത വീടുകളുടെ മുഴുവൻ കണക്കും പൂർത്തിയായിട്ടില്ല. നാല് കടകളാണ് നശിച്ചത്. 5.8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) വ്യക്തമാക്കി.
ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം കണക്കാക്കിയത്.
ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
2.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പിഡബ്ല്യുഡി കെട്ടിട വിഭാഗവും 35.3 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു.
വിലങ്ങാട് ആദിവാസികളുടെ ട്രൈബൽ സൊസൈറ്റി സംഭരിച്ച 1800 കിലോ തേനും 60 കിലോ ചെറുതേനും കെട്ടിടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു.
പന്നിയേരി, കൂറ്റല്ലൂർ, മാടാഞ്ചേരി, വായാട് ഉന്നതികളിലേക്കുള്ള പാലവും റോഡും തകർന്നു. വായാട് ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതി പൂർണമായും തകർന്നു. അങ്കണവാടികളെയും ബാധിച്ചു.
6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബി വിലയിരുത്തിയത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, കലുങ്കുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെ മൊത്തം 14.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ അറിയിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ നാശം സംഭവിച്ചതായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു.
#Shocking #discovery #Vilangad #Landslide #Drone #Detects #Over #100 #Epicenters