നാദാപുരം:(nadapuram.truevisionnews.com) വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങിയ നാലംഗ വിദഗ്ധ സംഘത്തെ അയക്കാനുള്ള റവന്യൂ മന്ത്രിയുടെ നിർദ്ദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല.
ഇന്ന് രാവിലെ മുതൽ വിദഗ്ധ സംഘത്തെ കാത്തിരുന്ന ദുരിത ബാധിതരും നാട്ടുകാരും മാധ്യമ പ്രവർത്തകരും നിരാശരായി മടങ്ങി. വിലങ്ങാട് മന്ത്രി നിർദ്ദേശിച്ച വിദഗ്ധസംഘം എത്തിയില്ല, വൈകിയെത്തിയ ജില്ലാതല ഉദ്യോഗ്യസ്ഥർ വീടുകളിൽ നിന്ന് ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ച് മടങ്ങി.
എന്നാൽ സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ജില്ല ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ......" "ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി.
കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ, വാണിമേൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
ആഗസ്റ്റ് 20 നുള്ളിൽ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ദുരന്തബാധിത മേഖലകൾ സംഘം സന്ദർശിക്കും.
നേരത്തെ ആഗസ്റ്റ് ആറിന് ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു " ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്‌ധസംഘം ഇന്ന് വിലങ്ങാട് എത്തുമെന്നും ഇന്നലെ മന്ത്രിമാരായ , റിയാസും, കെ രാജനും വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുമെന്നായിരുന്നു നാട്ടുകാർക്ക് നൽകിയ ഉറപ്പ്.
ഉരുൾ പൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്നു മന്ത്രിമാർ യോഗത്തിന് ശേഷം പറഞ്ഞിരുന്നങ്കിലും വിദഗ്ധ സംഘത്തെ രാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരുന്ന വിലങ്ങാട്ടുകാർ നിരാശരായി മടങ്ങുകയായിരുന്നു.
വിലങ്ങാട്ട് ഇന്ന് എത്തിയത് മേഖലയിൽ കഴിഞ്ഞ ആഴ്ച്ചയും പരിശോധനയ്ക്കെത്തിയ കോഴിക്കോട് നിന്നുള്ള മൂന്ന് പേർ മാത്രം. ഔദ്യോഗിക വാർത്ത കുറിപ്പിൽ ആറംഗ സംഘം ഉണ്ട്.
രാവിലെ എത്തുമെന്ന് അറിയിച്ച സംഘം എത്തിയത് വൈകിട്ട് നാല് മണി കഴിഞ്ഞ് . പന്നിയേരി കോളനി വാസികളായ ചിലരിൽ നിന്ന് ആധാർ വിവരങ്ങൾ വാങ്ങി ഇവർ മടണ്ടുകയായിരുന്നു.
കഴിഞ്ഞ ആഴ്ച്ച വിലങ്ങാട് സന്ദർശിച്ച റവന്യു മന്ത്രി കെ രാജൻ്റെ വാക്കുകൾ ഇങ്ങനെ ........ "മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തി നഷ്ട്ടപ്പെട്ടത് തിരിച്ചുതരുമെന്ന് വിലങ്ങാട് വീടുകളും ഉപജീവനമാർഗവും നഷ്ടപ്പെട്ടവരോട് റവന്യു മന്ത്രി കെ രാജൻ.
"എന്താണോ നഷ്‌ടപ്പെട്ടത് അത് തിരിച്ചുനൽകുന്ന പാക്കേജിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.
കൂടുതൽ മനുഷ്യജീവനുകൾ നഷ്ട്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ വിലങ്ങാടിലുണ്ടായ തകർച്ച വലുതാണ്," ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട്, മഞ്ഞചീളി, ഉരുട്ടി പാലം, പന്നിയേരി, കൂറ്റല്ലൂർ ഉന്നതികൾ, സമീപം നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽപ്പെട്ട വായാട് ഉന്നതി എന്നീ സ്ഥലങ്ങൾ വെള്ളിയാഴ്ച നേരിൽ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
അടുത്താഴ്ച്ച വിലങ്ങാടെത്തും. സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും തകർച്ച നേരിട്ട സ്ഥലങ്ങളിൽ തുടർതാമസം സാധ്യമാകുമോ എന്നത് തീരുമാനിക്കുക.
അതിനു മുൻപ് പ്രദേശത്ത് ഡ്രോൺ സർവ്വേ നടത്തും. വായാട് ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ട ഇടത്തേക്ക് അടിയന്തിരമായി പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ചു മന്ത്രി സ്ഥലത്തുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ബന്ധപ്പെട്ടു. പാലം പണി ഉടൻ തുടങ്ങുമെന്ന് ഉറപ്പുനൽകി.
കെഎസ്ഇബിയുടെ അധീനതയിലുള്ള പാലത്തിന് പകരം താൽക്കാലിക പാലമാണ് ഇപ്പോൾ ഉള്ളത്. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ക്യാമ്പ് സന്ദർശിച്ച റവന്യു മന്ത്രി ഉരുൾപൊട്ടലിൽ മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീട്ടിലെത്തി സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പ്നൽകി.
വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകൾ, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് എന്നിവിടങ്ങളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ റേഷൻ സൗജന്യമായി നൽകും.
ഇ കെ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മുഹമ്മദലി, തദ്ദേശസ്ഥാപനങ്ങളിലെ മറ്റ് ജനപ്രതിനിധികൾ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ. എ കൗശികൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ്ചന്ദ്രബോസ്, വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അനുഗമിച്ചു.
#Revenue #Minister #directive #followed #Vilangad #expert #team #did #not #arrive #officials #arrived #late #took #Aadhaar #returned