വളയം: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ വിലങ്ങാട് മലയോരത്ത് മൂന്നാം തവണയും ഷാഫി പറമ്പിൽ എം പി എത്തി.
കഴിഞ്ഞ രണ്ടു തവണയും സന്ദർശനം നടത്താത്ത പ്രദേശങ്ങളിലാണ് ഷാഫി എത്തിയത്. വൈകിട്ട് അഞ്ചു മണിയോടെ കമ്പിളിപ്പാറ മലയങ്ങാട് ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും ദുരിത ബാധിതരുടെ പരാതികൾ കേൾക്കുകയും ചെയ്തു.
ഉരുൾപൊട്ടലിൽ പൂർണ്ണമായും വീടു തകർന്ന വിജയനും വലിയ നഷ്ടം സംഭവിച്ച മാണിയും എംപി ക്ക് മുമ്പിൽ കരഞ്ഞു കൊണ്ടാണ് സംഭവം വിവരിച്ചത്.
അവിടെ നിന്ന് പാലൂർ, മാടാഞ്ചേരി, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ കോളനികളിലെ ദുരിത ബാധിതരെയും അദ്ദേഹം സന്ദർശിച്ചു .
മാടാഞ്ചേരിയിലെ തണ്ണിപ്പാറ ചാക്കോച്ചന്റെ വീട്ടിൽ കാത്തു നിൽക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അവരുടെ അനുഭവങ്ങൾ ഷാഫിയോട് വിവരിച്ചു.
മുൻ പഞ്ചായത്ത് അംഗം എൽസമ്മ ഫ്രാൻ സിസ് പ്രദേശവാസികളുടെ ദുരിതത്തിന്റെ കഥ വിവരിച്ചപ്പോൾ കേട്ടു നിന്നവരും കണ്ണീർ പൊഴിച്ചു.
കഴിഞ്ഞ ദിവസം രാത്രി കോരിച്ചൊരിയുന്ന മഴ പെയ്തപ്പോൾ ഭീതിയിൽ കഴിഞ്ഞ വീട്ടുകാർ ആരും ഉറങ്ങിയില്ലെന്ന് അവർ വിശദീകരിച്ചു. എല്ലാം കേൾക്കുകയും ആവശ്യമായ പരിഹാര നടപടികൾ നിർദ്ദേശിക്കു കയും ചെയ്താണ് ഷാഫി മടങ്ങിയത്.
വിലങ്ങാടിന്റെ ദുരന്ത ചിത്രം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച ഷാഫിയെ നാട്ടുകാർ പ്രത്യേകം പ്രശംസിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം പെട്ടെന്ന് തന്നെ പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷയെന്നും ഷാഫി പറഞ്ഞു.
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ, മെമ്പർ എം കെ മജീദ്, ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, യു ഡി എഫ് നേതാക്കളായ എൻ കെ മൂസ മാസ്റ്റർ, രാജേഷ് കീഴരിയൂർ, അഷ്റഫ് കൊറ്റാല, കാവിൽ രാധാകൃഷ്ണൻ, എം കെ അഷ്‌റഫ്, ഷെബി സെബാസ്റ്റ്യൻ, പി.എ ആൻറണി, ഡോ. ബാസിത് വടക്കയിൽ, എൻ കെ മുത്തലിബ്, പി വി ഷാനവാസ് തുടങ്ങിയവർ ഷാഫി പറമ്പിൽ എംപിക്കൊപ്പം ഉണ്ടായിരുന്നു.
#MPShafiParampil #visited #Vilangad #hills #for #the #third #time