നാദാപുരം :(nadapuram.truevisionnews.com) നാദാപുരം ഗവൺമെന്റ് കോളേജിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം ശക്തമായി നേരിടുമെന്ന് എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി.
ഇടതുപക്ഷ അധ്യാപക സംഘടന പ്രതിനിധിയും തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ അധ്യാപകന്റെ ഒത്താശയോടുകൂടി തോൽവി ഭയന്ന എസ് എഫ് ഐ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് കോളേജിൽ സംഘർഷമുണ്ടാക്കിയത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാരനായ ഈ അധ്യാപകൻ ഗുരുതരമായ നിയമലംഘനങ്ങളാണ് നടത്തിയിട്ടുള്ളത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ പുറത്ത് വന്നിട്ട് ആദ്യഘട്ടം പ്രസിദ്ധീകരിക്കേണ്ട പ്രിലിമിനറി ഇലക്ട്രൽ റോൾ പോലും വളരെ വൈകിയാണ് പ്രസിദ്ധീകരിച്ചത്.
അതോടൊപ്പം ഫൈനൽ ഇലക്ട്രൽ റോൾ പ്രസിദ്ധീകരിക്കേണ്ട സമയമായ കോളേജ് സമയം വൈകുന്നേരം 4 മണി കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് ചോദ്യം ചെയ്തപ്പോൾ റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്റെ മറുപടി 'നിങ്ങൾക്ക് മുൻപ് തന്ന ഇലക്ട്രൽ റോൾ തന്നെയാണ് ഫൈനലും അതിൽ വലിയ മാറ്റമൊന്നും കാണില്ല' എന്ന വളരെ ലാഘവത്തോടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന തരത്തിലായിരുന്നു.
ഇത്തരത്തിൽ ആദ്യം മുതൽ തന്നെ റിട്ടേണിംഗ് ഓഫീസറായ അധ്യാപകൻ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ല.
ഇന്ന് നോമിനേഷൻ കൊടുക്കേണ്ട സമയത്തിനകം കോളേജിൽ റിട്ടേണിംഗ് ഓഫീസറുടെ റൂമിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളോട് 'സമയം കഴിഞ്ഞെന്നും എന്റെ വാച്ചിലെ സമയമാണ് ശരിയെന്നും' പറഞ്ഞു കൊണ്ട് അവരുടെ നോമിനേഷൻ സ്വീകരിക്കാതെ മടക്കിയയക്കുകയും ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ല.
സഹ അധ്യാപകർ പോലും പത്രിക സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടും സർവകലാശാല തിരഞ്ഞെടുപ്പ് നിയമാവലി പ്രകാരം നോട്ടിഫിക്കേഷനിലെ സമയത്തിനകം എത്തിച്ചേർന്ന മുഴുവൻ പേരുടെയും നോമിനേഷൻ സ്വീകരിക്കണമെന്ന നിർദേശത്തെ നിരാകരിക്കുകയും 12 മണിക്ക് മുൻപ് വന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പത്രിക യാതൊരു കൂടിയാലോചനയുമില്ലാതെ സ്വീകരിക്കാതെ തള്ളിയ നടപടി പുനർ പരിശോധിക്കണം.കോളേജിൽ സമാധാനം അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്തണം.
നിലവിലെ കോളേജ് യൂണിയൻ ഭാരവാഹിയായ വിദ്യാർത്ഥിനിയുടെ കൈ തല്ലിയൊടിച്ച എസ് എഫ് ഐ പ്രവർത്തകർ അക്രമ രാഷ്ട്രീയം ഈ ക്യാമ്പസിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പാണോ നൽകുന്നത്.
നാദാപുരം ഗവൺമെന്റ് കോളേജിൽ അക്രമ രാഷ്ട്രീയം തുടരുകയാണെങ്കിൽ അതിനെ ശക്തമായി നേരിടുമെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ ജനറൽ സെക്രട്ടറി റാഷിക് ചങ്ങരംകുളം എന്നിവർ അറിയിച്ചു.
#Nadapuram #Govt #Attempts #sabotage #college #elections #will #be #faced #MSF