Oct 10, 2024 10:14 AM

നാദാപുരം: (nadapuram.truevisionnews.com)വെള്ളൂരിൽ കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ വധക്കേസ് പ്രതികൾക്ക് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു.

കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ഒന്ന് മുതൽ ആറ് വരെയും പതിനഞ്ച്, പതിനാറ് പ്രതികൾക്കെതിരെയുമാണ് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ച് നാദാപുരം പോലീസിന് കൈമാറിയത്.

ഈ പ്രതികളിൽ ആറ് പേർ വിദേശത്തും ഒരാൾ ചെന്നൈയിലും ആണെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രതികളെ കേസിൽ വിധി പറയുന്ന ഈ മാസം 15 ന് മുമ്പ് അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് വിചാരണ കോടതിയിൽ ഹാജരാക്കാനാണ് നാദാപുരം പോലീസിന് ലഭിച്ച ഉത്തരവ്.

ഹൈക്കോടതി ഉത്തരവ് ലഭിച്ചതോടെ നാദാപുരം പോലീസ് പ്രതികൾക്കെതിരെ നടപടി തുടങ്ങി.

പ്രതികളെ പിടികൂടുന്നതിനായി ഏഴ് പേർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി പ്രതികളുടെ പാസ്പോർട്ട് നമ്പർ ശേഖരിച്ച് വിമാനത്തവളങ്ങൾക്ക് നൽകി.

കൂടാതെ മുഴുവൻ പ്രതികളുടെയും അഞ്ച് വർഷക്കാലയളവിലെ വിദേശയാത്രാ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

2015 ജനുവരി 22 നാണ് പ്രതികൾ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 പ്രതികളാണ് ഉണ്ടായിരുന്നത്. മുഴുവൻ പ്രതികളെയും വിചാരണ കോടതി വെറുതെ വിടുകയായിരുന്നു.

ഇവരിൽ മൂന്നാം പ്രതി അസ്‌ലമിനെ 2016 ൽ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തി.

പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് ഷിബിന്റെ പിതാവും സർക്കാറും നൽകിയ അപ്പീലിലാണ് ഒമ്പത് വർഷത്തിന് ശേഷം ഒക്ടോബർ നാലിന് ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.

#Shibinmurdercase #High #court #warrant #police #issued #lookout #notice #accused

Next TV

Top Stories