നാദാപുരം : (nadapuram.truevisionnews.com) നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസിൽ പ്രതി ചേർത്ത തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൽ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഹംസ, ജനറൽ സെക്രട്ടറി എ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.
ഈ മാസം ഒൻപതിന് സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റുമായി കടന്ന് കളഞ്ഞ ബ്ലോക്ക് പ്രസിഡന്റിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാതെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് തടസം നിന്ന ബ്ലോക്ക് പ്രസിഡന്റ് സ്വന്തക്കാരെ തിരുകി കയറ്റാൻ നടത്തിയ ഗൂഡ ശ്രമം വലിയ വിവാദത്തിന് ഇട നൽകിയിരുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘവും രാത്രി സമയത്ത് അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കടക്കുകയും യോഗ്യതയില്ലാത്തയാളെ സെക്യൂരിറ്റിയായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.
ഇത് പറ്റില്ലെന്ന് പറഞ്ഞ സ്റ്റാഫ് നഴ്‌സിനെ ഭീഷണിപ്പെടുത്തി ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയെന്ന് തീർത്തു പറയുകയും ചെയ്തതോടെ സ്റ്റാഫ് നഴ്സ് ഭയവിഹ്വലയായി.
ഇതേ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ നഴ്‌സിംഗ് സൂപ്രണ്ടിനെയും ഭീഷണിപ്പെടുത്തിയ ബ്ലോക്ക് പ്രസിഡന്റിന്റെ നടപടിയിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു.
പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെയാണ് നാദാപുരം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
കണ്ണൂരിലെ എ ഡി എം നവീനിനെ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അവഹേളിച്ചതിനെ തുടർന്ന് കേരളം ഒറ്റക്കെട്ടായി ജന പ്രതിനിധികളുടെ മോശം പെരുമാറ്റത്തിനെതിരെ രംഗത്ത് വന്ന ഘട്ടത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ മനോവീര്യം തല്ലിക്കെടുത്തുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൽ സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും രാജിവെച്ച് ഒഴിയണമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
#nurse #complaint #Thuneri #Block #president #Resign #YouthLeague