നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ (ഒമ്പത് കണ്ടം, പുതിയെടുത്ത് പറമ്പ്) കുളം നികത്തിയതിനെതിരെ പരാതിയുമായി സ്വതന്ത്ര കർഷകസംഘം രംഗത്ത്. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള നൂറ് വർഷത്തിലേറെ പഴക്കമുള്ള കുളമാണ് ജില്ലാ കലക്ടറുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും വിലക്ക് ലംഘിച്ചു നികത്തിയിരിക്കുന്നത്.

നേരത്തെ ഈ കുളം നികത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കലക്ടറും തഹസിൽദാറും ഗ്രാമപഞ്ചായത്ത് അധികൃതരും ഇടപെട്ട് നികത്തിയ മണ്ണ് എടുത്തു മാറ്റി പൂർവ സ്ഥിതിയിലാക്കിയിരുന്നു. ആ കുളമാണ് വീണ്ടും നികത്തിയിരിക്കുന്നതെന്നാണ് പരാതി.
സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ ഇതിന് കൂട്ടുനിന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നികത്തിയ കുളം പൂർവാവസ്ഥയിലാക്കാൻ നടപടിയുണ്ടാകണമെന്നും സ്ഥലം സന്ദർശിച്ച സ്വതന്ത്രകർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ലാ ജനസെക്രട്ടറി നസീർ വളയം, വൈസ് പ്രസിഡന്റ് സി.വി.മൊയ്തീൻ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലൻകണ്ടത്തിൽ, ഇബ്രാഹിം പുളിയച്ചേരി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എം.പി.സൂപ്പി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
#Independent #Farmers #Association #opposes #filling #pond #Nadapuram #panchayath