വാണിമേല്‍: (nadapuram.truevisionnews.com) എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ജില്ലയില്‍ ഒന്നാമതായി വാണിമേല്‍ എംയുപി സ്‌കൂള്‍. 90 യുഎസ്എസും 33 എല്‍എസ്എസും അടക്കം 123 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം വാണിമേല്‍ എംയുപി സ്‌കൂളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്.

ഗ്രാമപഞ്ചായത്ത് ഭരണസമിതി വിദ്യാര്‍ത്ഥികളെയും സ്‌കൂളിനെയും അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വിജയിപ്പിക്കുക വഴി ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് സ്കൂളിന് അഭിമാനമായി.
പഠനത്തിലും മറ്റു മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന സ്‌കൂളിന്റെ മികവിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് ഈ നേട്ടം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ പറഞ്ഞു. വാണിമേലിലെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചു കൊണ്ട് ഒരു നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം പഠനത്തിൽ മാത്രമല്ല, കല കായിക നേട്ടങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
അനുമോദന ചടങ്ങില്‍ പ്രസിഡന്റ് പി. സുരയ്യ ഉപഹാരം നല്‍കി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ കണ്ടിയില്‍, മെമ്പര്‍ എം.കെ മജീദ്, ബ്ലോക്ക് മെമ്പര്‍ ടി സുഹ്റ, പി.ടി.എ പ്രസിഡന്റ് ജലീല്‍ ചാലക്കണ്ടി ഹെഡ് മാസ്റ്റര്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Vanimel MUP School ranks first district scholarship exam