---
title: "കനത്ത കാറ്റ്; അരൂരിൽ തെങ്ങ് പൊട്ടി വീണ് കിണർ തകർന്നു"
english_title: "wind Coconut tree breaks falls damaging well Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/292708/wind-coconut-tree-breaks-falls-damaging-well-aroor"
published_at: "2025-05-28T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836afc279d3b_tree.jpg"
keywords: []
---

# കനത്ത കാറ്റ്; അരൂരിൽ തെങ്ങ് പൊട്ടി വീണ് കിണർ തകർന്നു

> **Lead Summary:** **അരൂർ: ** കാലവർഷം കനത്തതോടെ വിവിധ പ്രദേശങ്ങളിൽ കാറ്റ് ആഞ്ഞുവീശുകയാണ്. അരൂരിൽ ശക്തമായ കാറ്റിൽ തെങ്ങ് പൊട്ടി വീണ് കിണർ തകർന്നു. അരൂരിലെ പടിഞ്ഞാറക്കണ്ടി പ്രേമാ രാജന്റെ വീടിനോട് ചേർന്ന കിണറിന് മുകളിലാണ് തെങ്ങ് പൊട്ടിവീണത്.

## Article Content

**അരൂർ: ** കാലവർഷം കനത്തതോടെ വിവിധ പ്രദേശങ്ങളിൽ കാറ്റ് ആഞ്ഞുവീശുകയാണ്. അരൂരിൽ ശക്തമായ കാറ്റിൽ തെങ്ങ് പൊട്ടി വീണ് കിണർ തകർന്നു. അരൂരിലെ പടിഞ്ഞാറക്കണ്ടി പ്രേമാ രാജന്റെ വീടിനോട് ചേർന്ന കിണറിന് മുകളിലാണ് തെങ്ങ് പൊട്ടിവീണത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റ് ചില മരങ്ങളും പൊട്ടി വീണു. നേരിയ വ്യത്യാസത്തിനാണ് വീട് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ തെങ്ങ് മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കി.

അതേസമയം, തുടർച്ചയായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും അഭയഗിരിയിൽ വ്യാപക നാശനഷ്‌ടം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വലിയ കൃഷി നാശമുണ്ടായി. തടിക്കൻ ജോസഫ്, കായലോടൻ ചന്ദ്രൻ, കായ ലോടൻ കുങ്കൻ, കടുവത്താഴ മനോജ് എന്നിവരുടെ കവുങ്ങ്, മരച്ചീനി, കൊക്കോ, വാഴയുൾപ്പെടെയുള്ള കൃഷിക്കാണ് നാശമുണ്ടായത്. സ്വർണമുഖി ഇനത്തിൽ ഉൾപ്പെട്ട മുന്നൂറിലധികം നേന്ത്രവാഴകളാണ് തടിക്കൻ ജോസഫിന്റെ പറമ്പിൽനിന്ന് മാത്രം നശിച്ചത്.

കൃഷിനാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, വില്ലേജ് ഓഫീസർ എം ഷൈമ, പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, എ കെ രവി, പി ടി നിഷ, കെ വിനോദൻ, വി കെ രവി, വില്ലേജ് അസി. കെ പി സയീദ എന്നിവർ സന്ദർശിച്ചു. മഴ ശക്തിയായി പെയ്യുകയാണെങ്കിൽ അഭയഗിരി, ആയോട് ഭാഗങ്ങളിലെ നാൽപ്പതോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/292708/wind-coconut-tree-breaks-falls-damaging-well-aroor)