ആയഞ്ചേരി: (vatakara.truevisionnews.com) മാഹി കനാൽ പദ്ധതി ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഉൾനാടൻ ജലഗതാഗതം പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന കന്യാകുമാരി മാഹി കനാൽ പദ്ധതി വർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ല. കുറ്റ്യാടി മണ്ഡലത്തിലൂടെ കടന്ന് പോകുന്ന കനാൽ കന്നിനട, കോട്ടപ്പള്ളി , ചേരിപ്പൊയിൽ ഭാഗങ്ങളിലായി പണി പൂർത്തീകരിക്കാത്തത് കാരണം വിവിധ സമയങ്ങളിലായി നിരവധി പേർ വെള്ളത്തിൽ മുങ്ങി മരിച്ച സ്ഥിതിയുണ്ടായിട്ടുണ്ട്.



കോട്ടപ്പള്ളിയിൽ മൽസ്യ ബന്ധനത്തിനിടെ തോടന്നൂർ സ്വദേശിയായ യുവാവ് കനാലിൽ മുങ്ങി മരിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. വർഷങ്ങൾ മുമ്പ് ചേരിപ്പൊയിൽ ഭാഗത്ത് കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്താനിറങ്ങിയ സഹീർ എന്ന യുവാവ് മുങ്ങിമരിച്ചതും ഇതേ കനാലിലാണ്.
നിരവധി മരണങ്ങളും അപകടങ്ങളും കോട്ടപ്പള്ളി ഭാഗങ്ങളിൽ പലസമ യങ്ങിലായി ഉണ്ടായിട്ടുണ്ട്. ആഴമേറിയതും, ശക്തമായ അടിയൊഴുക്കും,കനാലിന് സുരക്ഷാ ഭിത്തിയോ അപകട സൂചനാ ബോർഡോ ഇല്ലാത്തതുമെല്ലാമാണ് നിരന്തരം അപകടത്തിന് കാരണമാവുന്നത്.
മഴക്കാലമായതിനാൽ ഇപ്പോൾ കനാൽ നിറഞ്ഞ് ഒഴുകുന്ന സാഹചര്യവുമാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ജനങ്ങളുടെ ജീവന് സംരക്ഷണമൊരുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിസാർ വേളം, മനാഫ് കുറ്റ്യാടി, ബഷീർ തിരുവള്ളൂർ, മുത്തു തങ്ങൾ ആയഞ്ചേരി, റഹീം മാസ്റ്റർ വില്യാപ്പള്ളി,സാദിക്ക് മണിയൂർ, മുഹമ്മദ് പുറമേരി എന്നിവർ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. മണ്ഡലം സിക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം പറഞ്ഞ പരിപാടി, മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റർ അധ്യക്ഷം വഹിച്ച മീറ്റിങ്ങിൽ ട്രഷറർ നദീർ മാസ്റ്റർ വേളം, കമ്മിറ്റി അംഗങ്ങളായ മിഷാൽ മണിയൂർ, ഹമീദ് കല്ലുംമ്പുറം,റഷീദ് മാസ്റ്റർ കടമേരി, അസ്മ റഫീക്ക് കടമേരി, മുനീറ ഫിറോസ്, സമീറ മുഹമ്മദ് വില്യാപ്പള്ളി എന്നിവർ യോഗത്തിൽ സംസാരിച്ചു. റഫീക്ക് മാസ്റ്റർ മത്തത്ത് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
SDPI demands immediate completion Mahe Canal project to allay people concerns