നാദാപുരം : (nadapuram.truevisionnews.com)വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളർത്തു പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകണമെന്നുമുള്ള ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു. അരൂരിലെ സുമാലയം രാജീവനെയാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനും ശിക്ഷ അനുഭവിക്കണം. പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുകയും വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കുകയും വീട്ടിലെ വളർത്തു മൃഗങ്ങളായ പ്രത്യേക ഇനം പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാത്തതും ശ്രദ്ധയിൽപ്പെടുകയായിരുന്നു.



പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനം നിർത്തലാക്കി ആരോഗ്യ വിഭാഗത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന രേഖാമൂലമുള്ള നിർദ്ദേശം അവഗണിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ സന്ദീപ് കുമാർ.എം. എം, ശ്രീഷ്ണ. പി. എം എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടതിനെ തുടർന്ന് ഗൃഹനാഥന് നോട്ടീസ് നൽകുകയും നോട്ടീസിലെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാ ലാണ് ആരോഗ്യ വിഭാഗം കോടതിയെ സമീപിച്ചത്.
ജലജന്യ കൊതുകുജന്യ രോഗങ്ങളും റാബീസ് പോലുള്ള രോഗങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണം എന്നും കൊതുകു വളരുന്ന സാഹചര്യം, അശാസ്ത്രീയ മാലിന്യനിർമ്മാർജ്ജനം, ശുചിത്വമില്ലാത്ത രീതിയിൽ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുക, വിതരണം നടത്തുക, സംഭരിക്കുക പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുക, ജല ഗുണനിലവാര പരിശോധന നടത്താതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും ഉള്ള തൊഴിലാളികളെ കൊണ്ട് ഭക്ഷണസാധനങ്ങൾ നിർമ്മിക്കുക എന്നിവ കനത്ത ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
റാബിസ് പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വളർത്തു പൂച്ചകൾക്കും വളർത്തു നായകൾക്കും പ്രതിരോധ വാക്സിനുകൾ നൽകണമെന്നും ലംഘിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്നും പുറമേരി ഗ്രാമപഞ്ചായത്ത് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഇസ്മയിൽ പുളിയം വീട്ടിൽ അറിയിച്ചു.
Court fines householder six thousand for not giving vaccinations to cats