നാദാപുരം : ഇന്നലെ ആരംഭിച്ച സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മന്ത്രിമാരായ കെ.രാജനും ജിആർ അനിലും കല്ലാച്ചിയിൽ സമാപന സമ്മേളനത്തിൽ സംസാരിക്കും.എം നാരായണൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം മുതിർന്ന പ്രതിനിധി കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി.



ഇ കെ വിജയൻ എം എൽ എ, പി കെ നാസർ, പി കെ കണ്ണൻ, കെ മോഹനൻ മാസ്റ്റർ, ടി ഭാരതി, അഡ്വ. റിയാസ് അഹമ്മദ് എന്നിവരടങ്ങിയ പ്രീഡിയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും ആർ ശശി കൺവീനറായ പ്രമേയ കമ്മിറ്റിയും ടി എം ശശി കൺവീനറായ മിനുട്സ് കമ്മിറ്റിയും വൈശാഖ് കല്ലാച്ചി കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയം കെ പി പവിത്രൻ കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
രാജ്യത്തിന് മാതൃകയായ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ നടപടി കേന്ദ്രം തിരുത്തണം. ഭക്ഷ്യ ഭാദതാ നിയമം വന്നതിനു ശേഷം കേരളത്തിലെ 57 ശതമാനം ജനങ്ങൾ റേഷൻ സംവിധാനത്തിൽ നിന്നും പുറത്താണ്.
43 ശതമാനം പേർക്ക് മാത്രമാണ് കേന്ദ്രം അരി തരുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള റേഷൻ സാധനങ്ങൾ നൽകുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എന്നാൽ ഇതിനെ സഹായിക്കുന്ന നടപടിയല്ല കേന്ദ്രം സ്വീകരിക്കുന്നത്. ഉത്സവ സീസണിൽ പോലും കൂടുതൽ അരി അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ ജില്ല സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.
CPI district conference to conclude today; Ministers K. Rajan and G. R. Anil in Kallachi