കല്ലാച്ചി: ( nadapuram.truevisionnews.com) വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് കേരള സർക്കാർ സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് സി പി ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രബുദ്ധമെന്നവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ ഇന്നും പല തട്ടുകളായി നിലനിൽക്കുകയാണ്.
വിശ്വാസികളെ ചൂഷണം ചെയ്ത് വ്യാജചികിത്സ, ദുർമന്ത്രവാദം, പ്രശ്നപരിഹാരത്തിനായി മാന്ത്രിക ഏലസ്സുകൾ തുടങ്ങി പല വിധത്തിൽ അവ ചൂഷണ സംവിധാനങ്ങൾ ഒരുക്കുകയാണ്. അന്ധവിശ്വാസ ജഡിലമായിരുന്ന ഒരു സമൂഹത്തെ സാമൂഹ്യ പരിഷ്കർത്താക്കളും കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും സക്രിയമായി ഇടപെട്ടപ്പോഴാണ് നവോത്ഥാന കേരളം യാഥാർഥ്യമായത്.



ആ നേട്ടങ്ങളെ പുറകോട്ടു വലിക്കാനും വീണ്ടും അന്ധവിശ്വാസത്തിൻ്റെ ഇരുണ്ട വഴികളിലേക്ക് തിരികെ കൊണ്ടുപോകാനും പുനരുത്ഥാന ശക്തികളുടെ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഒരു കാലത്ത് സമൂഹത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിക്കാനും ശാസ്ത്രചിന്തയും യുക്തിബോധവും പ്രചരിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നു. രാജ്യത്ത് 8 സംസ്ഥാനങ്ങൾ ഇതിനകം ഇത്തരം നിയമം പാസാക്കിയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അടിയന്തരമായി അന്ധവിശ്വാസ അനാചാര നിരോധന നിയമം പാസാക്കമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Kerala government should bring a comprehensive law to ban superstitions and immoral practices - CPI