നാദാപുരം: പുതിയ കാലഘട്ടത്തിൽ അപ്രതീക്ഷിതമായുള്ള തീപിടുത്തങ്ങൾ നാദാപുരം മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്. കഴിഞ്ഞദിവസം കക്കട്ടിൽ കൈവേലി റോഡിൽ വെച്ചാണ് വൈക്കോൽ ലോറിക്ക് തീ പിടിച്ചത്. നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം ചേലക്കാട് നിന്നുള്ള അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെ തീ അണക്കുകയായിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് ആയിരുന്നു നാദാപുരം കക്കം വെള്ളിയിലെ ഷൂസ് കടയ്ക്ക് തീ പിടിച്ചത്.
ആളപായം സംഭവിച്ചില്ലെങ്കിലും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. പേരോട് വിറകുപുരയ്ക്ക് തീപിടിച്ച സംഭവം ഉണ്ടായി, കോട്ടേമ്പ്രത്തും സമാനമായ രീതിയിൽ ഈ കാലയളവിൽ വിറകുപുരയ്ക്ക് തീപിടിച്ചു. വിലങ്ങാട് വനമേഖലയിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തം മനുഷ്യരെന്ന പോലേ മൃഗങ്ങൾക്കും ഒരേപോലെ ഭീഷണിയാണ്. തീപിടുത്തം വരാതെ സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്. വനമേഖലയിൽ തീപിടിച്ചാൽ മൃഗങ്ങൾ കാട് ഉപേക്ഷിച്ച് നാട്ടിലേക്കിറങ്ങും.
ഇത് പലപ്പോഴും നാട്ടിലുള്ള മനുഷ്യരുടെ സ്വൈര്യ ജീവിതത്തിന് വിഘാതമാണ്. ഒരു വേള വാഹനങ്ങളിൽ തീപിടുത്തം കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈക്കോൽ ലോറിക്ക് തീപ്പിടിച്ചത് വാഹനങ്ങളും സുരക്ഷിതമല്ല എന്ന ചോദ്യമാണ് നമ്മോട് ചോദിക്കുന്നത്. തീപിടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക, തീപിടുത്തം സംഭവിച്ചാൽ എന്തൊക്കെ പ്രാഥമിക കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സമൂഹത്തിൽ ശക്തമായ ബോധവൽക്കരണവും ജാഗ്രതവും നൽകുക എന്നത് അധികൃതരുടെ ഉത്തരവാദിത്വമാണ്. ഒരു കിലോമീറ്ററിനുള്ളിൽ 819ലധികം മനുഷ്യർ തിങ്ങി താമസിക്കുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് കേരളം.
രാജ്യത്തെ ആളോഹരിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കേരളത്തിൽ തന്നെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനത്തിന്റെ വിസ്തൃതി കുറവായതും, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ കേരളത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
വരാനിരിക്കുന്ന ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും എന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗര സ്വഭാവം കൈവരിച്ചതോടുകൂടി ആധുനിക വളർച്ചയിലാണ് കേരളത്തിലെ ഗ്രാമങ്ങൾ. അതോടൊപ്പം തന്നെയുള്ള ഭൗതിക മാറ്റങ്ങളും അത്യാവശ്യമാണ്. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ചെറു രീതിയിലെങ്കിലും ഫയർഫോഴ്സ് യൂണിറ്റ് വേണമെന്നാവശ്യവും നാട്ടിൽ ശക്തമാവുകയാണ്.
fire Care and caution are essential