നാദാപുരം: റമദാൻ രാവുകളെ ആവേശത്തോടെ വരവേറ്റു നാദാപുരത്തുകാർ. സന്ധ്യാ സമയത്തെ നോമ്പുതുറക്ക് ശേഷം ആവേശം ഒട്ടും ചേരാത്ത രീതിയിൽ നാദാപുരത്തെ തെരുവുകൾ വൈവിധ്യമായ കാഴ്ചകളെ വരവേൽക്കുകയാണ്. 'മ്മളെ നാദാപുരം' എന്ന ശീർഷകത്തിൽ പ്രത്യേകമായ റമദാൻ നൈറ്റ് സ്ട്രീറ്റ് തന്നെ ഒരുക്കിയിരിക്കുകയാണ്. നൈറ്റ് സ്ട്രീറ്റിൽ യുവാക്കളും കുട്ടികളും ഉൾപ്പെടെ സന്ദർശകരായെത്തുന്നു.

വിവിധതരം ഫുഡ് കോർട്ടുകൾ, വ്യത്യസ്തമായ ജ്യൂസുകൾ, ഭക്ഷ്യ വിഭവങ്ങൾ എന്നിവ നൈറ്റ് സ്ട്രീറ്റിന്റെ പ്രത്യേകതയാണ്. റമദാൻ മാസം തുടങ്ങി അഞ്ചാംദിവസം കടന്നു പോകുമ്പോൾ പള്ളികളും, വിവിധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അനാഥ, അഗതികളെ സഹായിക്കാനുള്ള യജ്ഞവുമായി മുന്നോട്ടു പോവുകയാണ്. കാരുണ്യത്തിന്റെ മാസമായ റമദാനിൽ തന്നെ അശരണരെയും, അഗതികളെയും സഹായിക്കുക എന്നുള്ളത് പുണ്യ പ്രവർത്തിയായി കരുതുന്നു.
പാവപ്പെട്ട നിരാലംബരായവരുടെ വീടുകളിൽ കിറ്റ് എത്തിച്ചു കൊടുക്കുന്ന പ്രവർത്തിയും ആരംഭിച്ചു. പാറക്കടവ് ഡയാലിസിസ് സെൻറർ, നാദാപുരം യതീംഖാന ഉൾപ്പെടെയുള്ള പാലിയേറ്റീവ്, കരുണാലയങ്ങൾ, കേന്ദ്രീകരിച്ചുള്ള സഹായസഹകരണ പ്രവർത്തനങ്ങൾ നാദാപുരത്ത് പുണ്യമാസത്തിൽ നടന്നു വരുന്നു. പള്ളികൾ കേന്ദ്രീകരിച്ചു വ്യത്യസ്തമായ രീതിയിൽ നോമ്പ് തുറയും സംഘടിപ്പിച്ചു വരുന്നു.
ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത അതിഥി തൊഴിലാളികൾക്കും, വാഹന യാത്രക്കാർക്കുമാണ്. കൂടാതെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും നാദാപുരത്ത് കച്ചവടത്തിനും മറ്റും ജോലി ആവശ്യത്തിന് വരുന്നവർക്കും പള്ളികളിലുള്ള നോമ്പ് തുറ ഏറെ ആശ്വാസകരമാണ്. സമ്പന്നമായ കടത്തനാടൻ സംസ്കാരത്തിന്റെ സൗഹൃദം കൂടി നോമ്പുകാലത്ത് നാദാപുരത്ത് ദർശിക്കാൻ സാധിക്കും.
വ്യക്തികളും, സാമൂഹിക, സാംസ്കാരിക, സംഘടനകളും, സ്കൂളുകളും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുള്ള നോമ്പുതുറയുടെ ദിവസങ്ങൾ കൂടിയാണ് നാദാപുരത്ത് ഇനി വരാൻ പോകുന്നത്. ഇത്തരത്തിലുള്ള മതസൗഹാർദ്ദ വിരുന്നുകൾ എപ്പോഴും നാദാപുരത്ത് സമാധാനം പുലർത്തുന്നതിൽ നിർണായകമാണ്.
Ramadan nights; Nadapuram Ramadan nights with colorful surprises; Nadapuram is full of colorful surprises