നാദാപുരം: കല്ലാച്ചിയിലെ മിനി സിവിൽസ്റ്റേഷൻ നവീകരണത്തിന് 39 ലക്ഷം രൂപ അനുവദിച്ചു. കുടിവെള്ള പ്രശ്നപരിഹാരം, റൂഫിങ് സ്ഥാപിക്കൽ, പെയിന്റടിക്കൽ, ശൗചാലയ നവീകരണം തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തിയത്.
മിനി സിവിൽ സ്റ്റേഷനിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിലാണ് അടിസ്ഥാനവികസനത്തിന് ഫണ്ടനുവദിച്ചത്.പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ ഇ.കെ. വിജയൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ കത്തിനെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ തുടങ്ങും. നേരത്തേ മിനി സിവിൽ സ്റ്റേഷനിലെ ആവശ്യത്തിന് സ്വകാര്യവ്യക്തിയുടെ കിണറ്റിൽനിന്നാണ് ജലവിതരണം നടത്തിയിരുന്നത്. അതോടൊപ്പം വാട്ടർ അതോറിറ്റിയുടെ ജലവിതരണവും ലഭിച്ചിരുന്നു.
എന്നാൽ, ജല അതോറിറ്റിയുടെ ജലവിതരണക്കുടിശ്ശിക ഒരുലക്ഷം പിന്നിട്ടതോടെ അധികൃതർ കുടിശ്ശികയുടെ പേരിൽ ജലവിതരണം വിച്ഛേദിച്ചു. കഴിഞ്ഞമാസം ഇ.കെ. വിജയൻ എം.എൽ.എ. ഇടപെട്ടാണ് ജലവിതരണം താത്‌കാലികമായി പുനഃസ്ഥാപിച്ചത്.
39 lakhs for renovation of mini civil station at Kallachi