നാദാപുരം: ഈസ്റ്റർ, വിഷു, ചെറിയപെരുന്നാൾ ആഘോഷങ്ങൾ അടുത്തുവന്നതോടെ നാദാപുരം, കല്ലാച്ചി ടൗണുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ആവശ്യത്തിന് ഹോംഗാർഡിന്റെയും ട്രാഫിക് പോലീസിന്റെയും സേവനമില്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി.

കല്ലാച്ചി ടൗണിൽ നാലും നാദാപുരത്ത് രണ്ടും ഹോംഗാർഡുകളാണ് നിലവിൽ സേവനം നടത്തുന്നത്. ആകെ നാല് ട്രാഫിക് പോലീസുകാരുടെ സേവനം രണ്ട് ടൗണുകളിലുമായുണ്ടാകും. എന്നാൽ, ഇത് ഏറെ അപര്യാപ്തമാണ്. കല്ലാച്ചി മെയിൻറോഡ്, മാർക്കറ്റ് റോഡ്, മത്സ്യമാർക്കറ്റ് പരിസരം, കോർട്ട് റോഡ് കവല, വിംസ് റോഡ് എന്നിവിടങ്ങളിൽ മുഴുവൻസമയവും ഹോംഗാർഡിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാണ്.
നാദാപുരം ടൗണിൽ ബസ് സ്റ്റാൻഡിലും പുറത്തും മാത്രമാണ് നിലവിൽ ഹോംഗാർഡിന്റെ സേവനം ലഭിക്കുന്നത്. തലശ്ശേരി റോഡ്, ഗവ. ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോംഗാർഡിന്റെ സേവനം ആവശ്യമാണ്. സംസ്ഥാനപാതയിലെ വിവിധ ഭാഗങ്ങളിൽ അനധികൃത വാഹനപാർക്കിങിനെതിരേ യാതൊരു നടപടിയും പോലീസ് സ്വീകരിക്കാറില്ല. ഇതുമൂലം കല്ലാച്ചി-നാദാപുരം ടൗണുകളിലെ ഗതാഗതക്കുരുക്കഴിയാൻ ഏറെസമയമാണ് എടുക്കുന്നത്.
കല്ലാച്ചി ടൗൺ മുതൽ നാദാപുരം ടൗണിനടുത്ത് വരെ ചിലദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടാറുണ്ട്. ടൗണിൽ ചെറിയ പ്രകടനങ്ങൾ നടന്നാൽ മണിക്കൂറുകൾ കഴിഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കല്ലാച്ചി, നാദാപുരം ടൗണുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് കല്ലാച്ചി ടൗൺ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാഫർ തുണ്ടിയിലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിക്ക് നിവേദനം നൽകി. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കാണണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നിവേദകസംഘത്തിൽ ഭാരവാഹികളായ ആസിഫ് പുത്തലത്ത്, വി.എം. ജസീം, എൻ. നുസുൽറഹ്മാൻ എന്നിവരുണ്ടായിരുന്നു.
Traffic jam in Kallachi for hours