നാദാപുരം: (nadapuramnews.in) ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പിഞ്ചു കുട്ടി അങ്കണവാടിയിൽ നിന്ന് ഇറങ്ങി പോയി. വീട്ടിലേക്കുള്ള വഴിയിൽ പശുവിനെ കണ്ട് പേടിച്ച് കരഞ്ഞ കുട്ടിയെ അയൽവാസികൾ വീട്ടിലെത്തിച്ചു. സാമൂഹിക സുരക്ഷ മിഷൻ്റെ കീഴിൽ വളയം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മഞ്ചാന്തറയ്ക്ക് സമീപത്തെ അങ്കണവാടിയിലാണ് സംഭവം.

ജീവനക്കാർ കുട്ടിയുടെ വീട്ടിലെത്തി ക്ഷമാപണം നടത്തി. വീട്ടുകാർ പരാതിയില്ലെന്ന് എഴുതി നൽകിയിട്ടും അങ്കണവാടി അടപ്പിച്ചതിനെതിരെ വിവാദം പുകയുന്നു. ഇതിനിടെ ലൈംഗിക ഉദ്ധേശത്തോടെയുള്ള ഉപദ്രവം പരാതിയായി ഉന്നയിച്ചതിൻ്റെ പകവീട്ടലെന്നും ആരോപണം.
കഴിഞ്ഞ ദിവസമാണ് വിവാദത്തിന് തുടക്കം കുറിച്ച സംഭവം. നാല് കുട്ടികളായിരുന്നു അങ്കണവാടിയിൽ ഉണ്ടായിരുന്നത്. രണ്ട് കുട്ടികൾ ഉച്ചയ്ക്ക് മുമ്പേ വീട്ടിലേക്ക് പോയിരുന്നു. അങ്കണവാടിക്ക് ചുറ്റുമതിലും ഗേയിറ്റും നിലവിലുണ്ട്.തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്കും അങ്കണവാടിയിലേക്കും വെള്ളമെടുക്കുന്നത് ഒരേ മോട്ടോർപമ്പ് സെറ്റിൽ നിന്നാണ് .
നെയ്ത്ത് കേന്ദ്രത്തിലുള്ളവർ ആവശ്യപ്പെട്ടതനുസരിച്ച് അങ്കണവാടി ഹെൽപ്പർ മുൻവശത്തെ ഗേറ്റ് തുറന്ന് മോട്ടോർ ഓൺ ചെയ്യാൻ പുറത്ത് പോയ സമയത്താണ് കുട്ടി കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത്. ഈ സമയത്ത് അങ്കണവാടിയിലെ രേഖകൾ തയ്യാറാക്കുകയായിരുന്ന ടീച്ചർ കുട്ടിയെ കാണാതായപ്പോൾ ഉടൻ തന്നെ ഹെൽപ്പറോടന്വേഷിച്ചു.
ഇരുവരും സമീപത്ത് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇടവഴിയിൽ വെച്ച് പശുവിനെ കണ്ട് കരയുകയായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ചതായി അയൽവാസി അറിയിച്ചു. സമീപത്തെ ഒരു പ്രദേശിക രാഷ്ട്രീയ നേതാവ് ടീച്ചറോടുള്ള വിരോധം തീർക്കാൻ സംഭവം വിവാദമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇദ്ദേഹം അങ്കണവാടി വർക്കേഴ്സ് യൂണിയൻ നേതാക്കളെ വിളിച്ചുവരുത്തി. യൂണിയൻ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ വീട്ടിലെത്തി അങ്കണവാടി ജീവനക്കാർ ക്ഷമാപണം നടത്തി.
തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി. വീട്ടുകാർ തങ്ങൾക്ക് പരാതിയില്ലെന്ന് എഴുതി നൽകിയിട്ടുണ്ട്. ഇതിനിടയിൽ ടീച്ചർ മൂന്നു മാസം നിർബന്ധിത അവധിയിൽ പോകണമെന്ന പ്രദേശിക രാഷ്ട്രീയ നേതാവിൻ്റെ ആവശ്യം യൂണിയൻ നേതാക്കൾ തളളി.
പ്രശ്നം ഗ്രാമ പഞ്ചായത്തിലുമെത്തി. പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അങ്കണവാടി വെൽഫെയർ കമ്മറ്റി യോഗം വിളിച്ചു ചർച്ച ചെയ്തു. വർക്കർക്കും ഹെൽപ്പർക്കും ഒരേ പോലെ സംഭവിച്ച വീഴ്ച്ചയിൽ അങ്കണവാടി ടീച്ചർക്കെതിരെ മാത്രം നടപടിയെടുക്കണമെന്ന വാശിയിൽ രാഷ്ട്രീയ നേതാവ് ഉറച്ചു നിന്നതായും തുടർന്ന് അങ്കണവാടി അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തു.
രണ്ട് ദിവസമായി അങ്കണവാടി പൂട്ടി കിടക്കുകയാണ്. ടീച്ചറെ സസ്പെൻ്റ് ചെയ്യാൻ നീക്കവും തുടങ്ങി. പ്രാദേശിക രാഷട്രീയ നേതാവ് അങ്കണവാടി ടീച്ചറോട് പക വീട്ടുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏതാനും വർഷം മുമ്പ് ഈ അങ്കണവാടി ടീച്ചറോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നേതാവിനെ പാർടി ആറ് മാസം സസ്പെൻറ് ചെയ്തിരുന്നു.
ടീച്ചറോട് തനിക്ക് പകയുണ്ടെന്ന് നേതാവ് പരസ്യമായി പറഞ്ഞതായും യൂണിയൻ നേതാക്കൾ പാർടി നേതൃത്വത്തെ അറിയിച്ചു. പ്രശ്നം വളയത്ത് വലിയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
The child went down; The Anganwadi was closed at Valayam, and there was resentment and controversy