ഇരിങ്ങണ്ണൂർ: (nadapuramnews.in) റോഡിൽ ദുരിതം പെരുകുമ്പോൾ പ്രകൃതിയുടെ കുളിരിലൂടെ ഒരു ജലയാത്ര സ്വപ്നമായി നീളുന്നു. മയ്യഴിപുഴയിലെ ബോട്ട് യാത്ര ഇനിയും തുടങ്ങിയില്ല . ബോട്ട് ജെട്ടികൾ നോക്കു കുത്തികളാകുന്നു.
മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പെരിങ്ങത്തൂർ മാഹി പുഴയിലെ ബോട്ട് ജെട്ടികൾ നോക്കു കുത്തികളാകുന്നു. നിർമ്മാണം കഴിഞ്ഞു രണ്ടു വർഷം പിന്നിട്ടിട്ടും ബോട്ട് ജെട്ടി ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പ്രാദേശിക വികസനം, വിനോദസഞ്ചാരം, തീരദേശ ടൂറിസം, തൊഴിൽ എന്നിവ ലക്ഷ്യമിട്ട സ്വപ്ന പദ്ധതിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
ന്യൂമാഹി മുതൽ പെരിങ്ങത്തൂർ വരെ ജില്ലാ അതിർത്തിയിൽ 6 ജെട്ടികൾ ഉണ്ട്. എല്ലാം പണിപൂർത്തിയായത് ആണ്. പെരിങ്ങത്തൂർ പുഴയുടെ മറുഭാഗത്തു കോഴിക്കോട് ജില്ലാ അതിർത്തിയായ കായപനച്ചിയിലും ഒരു ബോട്ട് ജെട്ടി കൂടി ഒരുങ്ങുന്നുണ്ട്. മോന്താൽ, ന്യൂമാഹി ബോട്ട് ജെട്ടികളുടെ ഉദ്ഘാടനം ഒന്നാം പിണറായി സർക്കാരുടെ കാലത്താണു നടന്നത്.
രണ്ടിടങ്ങളിലും സ്വകാര്യ സംരംഭകർ ബോട്ട് യാത്ര സൗകര്യമൊരുകിയിരുന്നു മതിയായ സുരക്ഷ സംവിധാനം ഇല്ലാത്തതിനാൽ അധികൃതർ തടഞ്ഞു. സഞ്ചാരികളെ ആകർഷിച്ച സാഹസിക ബോട്ടും പരാതിയെ തുടർന്ന് ഒഴിവാക്കിയിരുന്നു.
മറ്റു നാല് ജെട്ടികളും നിർമാണം കഴിഞ്ഞ് നാളെറേയായിട്ടും ഉദ്ഘടനത്തിനായി കാത്തുനില്ക്കുകയാണ്. ജെട്ടികളിൽ നിന്ന് ഗതാഗത യോഗ്യമായ റോഡുകളില്ലാതതാണ് പ്രശ്നം. മോന്താൽ റോഡിൽ നിന്ന് പടന്നകരയിലെക്കുള്ള മൺറോഡിലാണ് മോന്താൽ ജെട്ടി .
കിടഞ്ഞി ബോട്ട് ജെട്ടിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഇതുവരെ നിർമ്മിക്കാത്തതും, ശുചിമുറികൾ ഇല്ലാത്തതും സഞ്ചരികൾക്ക് പ്രയാസമാകും . റോഡിനൊപ്പം ശുചിമുറികൾ കുടിയുണ്ടെങ്കിലേ പദ്ധതി ലക്ഷ്യം കാണുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
#begin #boatjourney #Mayyazhipuzha #notstarted