നാദാപുരം: (nadapuramnews.in) വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്വീപ്പറായി ജോലി ചെയ്യുന്ന വിനിഷക്ക് യൂത്ത് ലീഗിന്റെ സ്നേഹാദരം. ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി വളയം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നിരവുമ്മലിലെ വിനിഷയുടെ വീട്ടിലെത്തിയാണ് ആദരിച്ചത്.
യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി ഇ ഹാരിസ് സ്നേഹോപഹാരം നൽകി. വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരിയായി ജോലി നോക്കുന്ന വിനിഷ തന്റെ ജോലിയിൽ പൂർണമായും ആത്മാർത്ഥത പുലർത്തുന്നവരാണ്.
സ്വീപ്പറായി ജോലി ചെയ്യുമ്പോഴും ആരോടും കയർത്തു സംസാരിക്കാതെ ജോലിയിൽ അത്രമേൽ സമർപ്പണം നടത്തുന്ന മറ്റൊരാളെ കാണാൻ കഴിയില്ല. സർക്കാർ ജോലികളിൽ കാട്ടിക്കൂട്ടലുകളും, ആത്മാർത്ഥതയില്ലായ്മയും ഉള്ളവർക്കിടയിൽ വിനിഷമാർ മാതൃകയാണ്. വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുമ്പോഴെല്ലാം വിനിഷ ശുചീകരണ പ്രവൃത്തിയിലായിരിക്കും.
ഒരു നിമിഷം പോലും അവർ അടങ്ങിരിക്കുന്നതായി കാണില്ല. ഒഴിവ് സമയം കിട്ടിയാൽ ഒ പി ടിക്കറ്റ് കൗണ്ടറിലും വിനിഷയുടെ സേവനം ലഭ്യമാക്കും. ഇത്രമേൽ ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴാണ് സമൂഹത്തിൽ വിനിഷമാർ ഇനിയും ഉയർന്ന് വരികയെന്ന് യൂത്ത് ലീഗിന്റെ സ്നേഹാദരം നൽകി നേതാക്കൾ പറഞ്ഞു.
മണ്ഡലം സെക്രട്ടറി ഇ വി അറഫാത്ത്, വളയം പഞ്ചായത്ത് പ്രസിഡന്റ് നംഷിദ് കുനിയിൽ, ജനറൽ സെക്രെട്ടറി സി എം കുഞ്ഞമ്മദ്, എം എസ് എഫ് മണ്ഡലം സെക്രട്ടറി ടി ടി കെ റിയാസ് സംബന്ധിച്ചു.
#Vinisha #Valayam #FamilyHealthCenter #Cleanliness #Day